
തിരുവനന്തപുരം: സംസ്ഥാനം കാത്തിരിക്കുന്ന 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന്. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലുമെല്ലാം ഗ്രൂപ്പുചേർന്ന് ആളുകൾ ടിക്കറ്റെടുത്തതോടെ വില്പന വൻ ഹിറ്റായി.
ബംപർ ടിക്കറ്റ് വില കൂടിയതും കഴിഞ്ഞ മൺസൂൺ ബമ്പർ ഹരിത കർമ്മസേനാംഗങ്ങൾ കൂട്ടായെടുത്ത ടിക്കറ്റിന് അടിച്ചതും പങ്കുചേർന്ന് ടിക്കറ്റ് എടുക്കുന്ന രീതി വ്യാപകമാക്കി. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവർ ലോട്ടറിയടിച്ചാൽ ജോയിന്റ് അക്കൗണ്ട് തുടങ്ങും. ഈ അക്കൗണ്ടിലേക്ക് പണം നൽകും. അല്ലെങ്കിൽ സമ്മാനത്തുക വീതംവയ്‌ക്കുന്നത് ലോട്ടറിവകുപ്പിനെ ഏൽപ്പിക്കാം. എങ്ങനെ വീതിക്കണം എന്ന് രേഖാമൂലം അറിയിച്ചാൽ അതനുസരിച്ച് എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം നൽകും. 2019ലെ 12കോടിയുടെ തിരുവോണം ബമ്പർ അടിച്ചതും പങ്കു ടിക്കറ്റുകാർക്കാണ്.
ഇക്കുറി ഇന്നലെ വരെ 74ലക്ഷം ടിക്കറ്റ് വിറ്റു. ഇന്ന് ഉച്ചയോടെ 76ലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷ. 85ലക്ഷം ടിക്കറ്റാണ് അച്ചടിച്ചത്.
ഡിമാൻഡ് കൂടിയതിനാൽ ഇന്ന് രാവിലെ 10 മണിവരെ ലോട്ടറി ഓഫീസിൽ നിന്ന് ഏജന്റുമാർക്ക് ടിക്കറ്റ് വാങ്ങാൻ അനുമതിയുണ്ട്. കഴിഞ്ഞ വർഷം നറുക്കെടുപ്പിന്റെ തലേന്ന് ടിക്കറ്റ് വിതരണം നിറുത്തിയിരുന്നു. കഴിഞ്ഞ വർഷം 67.5ലക്ഷം ടിക്കറ്റാണ് വിറ്റത്. 500രൂപയാണ് ടിക്കറ്റ് വില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |