SignIn
Kerala Kaumudi Online
Saturday, 27 April 2024 7.40 AM IST

മാടമ്പ് കുഞ്ഞുകുട്ടൻ മടങ്ങിപ്പോയി

madampu

തൃശൂർ: എഴുത്തിലും അഭിനയത്തിലും തനതായ വഴിയൊരുക്കിയ നോവലിസ്റ്റും തിരക്കഥാകൃത്തും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ (81) ഓർമ്മയായി. കൊവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, ഇന്നലെ രാവിലെ 9.35 നായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം ഒരുവർഷമായി കിരാലൂരിലെ വസതിയിൽ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ മാസം 17 ന് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. പനി ബാധിച്ച് അവശനായതോടെ ഞായറാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഗുരുതരാവസ്ഥയിലായി. ശവസംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്ഥാനസർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മുണ്ടൂർ കിരാലൂരിലെ മാടമ്പ് മനയിൽ നടത്തി.

സീരിയൽ നടനും ടെലിവിഷൻ അവതാരകനും ആയിരുന്നു. 'ദേശാടന'ത്തിന്റെ തിരക്കഥയിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. കരുണത്തിന്റെ തിരക്കഥയ്ക്ക് 2000ൽ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. പരിണാമത്തിന്റെ തിരക്കഥയ്ക്ക് അഷ്ദാേദ് അന്താരാഷ്ട്ര ഫിലിം അവാർഡും 'തോറ്റങ്ങൾ' ടെലിവിഷൻ സീരിയലിന് സംസ്ഥാനസർക്കാരിന്റെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാഡമി അവാർഡ്, സഞ്ജയൻ പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

മാടമ്പ് ശങ്കരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകനായി 1941 ജൂൺ 21നാണ് ജനനം. ശങ്കരൻ നമ്പൂതിരി എന്നായിരുന്നു പേരെങ്കിലും മുത്തശ്ശി വിളിച്ചിരുന്ന കുഞ്ഞുകുട്ടൻ എന്ന പേര് തൂലികനാമമായി സ്വീകരിച്ചു. കോളേജിലെ വാർഷികാഘോഷങ്ങൾക്കായി നാടകം എഴുതിയായിരുന്നു സാഹിത്യപ്രവേശനം. സംസ്‌കൃതാദ്ധ്യാപകനായി കൊടുങ്ങല്ലൂരിൽ താമസിക്കവേ, 1970ൽ ആദ്യനോവൽ 'അശ്വത്ഥാമാവ്' രചിച്ചു. 32-ാമത്തെ വയസിൽ എഴുതിയ 'ഭ്രഷ്ട്' നോവൽ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അശ്വത്ഥാമാവ് സിനിമയാക്കിയപ്പോൾ തിരക്കഥയെഴുതിയതും നായകനായതും മാടമ്പാണ്. ദേശാടനം, പൈതൃകം, അഗ്‌നിസാക്ഷി, ചിത്രശലഭം, ആറാംതമ്പുരാൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 2001ൽ ബി.ജെ.പി.സ്ഥാനാർത്ഥിയായി കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന രക്ഷാധികാരിയായിരുന്നു.

ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ജസീന (യോഗക്ഷേമസഭ,തൃശൂർ),​ ഹസീന (അദ്ധ്യാപിക, മേഴത്തൂർ). മരുമക്കൾ: അഡ്വ. വിനോദ് മരാട്ട്, വി.ടി. ശങ്കരനാരായണൻ (സംഗീതജ്ഞൻ). മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി തൃശൂർ ആർ.ഡി.ഒ കൃപകുമാർ മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. കലാസാംസ്കാരിക,രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ അനുശോചിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MADAMPU KUNJUTTAN DIES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.