
കൊച്ചി: കേരള യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻ പിള്ള (68) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു അന്ത്യം. കോയമ്പത്തൂർ അമൃത വിശ്വവിദ്യാലയത്തിൽ സ്കൂൾ ഒഫ് ഫിസിക്കൽ സയൻസസ് ഡീൻ ആയി പ്രവർത്തിച്ചുവരികയായിരുന്നു. 2018 മുതൽ 2022 വരെ കേരള വി.സി ആയിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ ഇന്ന് വൈകിട്ട് 3 മുതൽ പൊതുദർശനം. നാളെ ഉച്ചയ്ക്ക് 1ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.
പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ്. പോങ്ങുംമൂട് അർച്ചന നഗർ ശിവപ്രിയയിലാണ് താമസം. ഭാര്യ: എസ്.ജയലക്ഷ്മി (റിട്ട. സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പ് അഡിഷണൽ സെക്രട്ടറി). മക്കൾ: എം.അരുൺ കുമാർ, എം.ആനന്ദ് കുമാർ (ഇരുവരും യു.എസിൽ എൻജിയർമാർ). മരുമക്കൾ: തുഷാര, അഞ്ജലി.
കൊച്ചി സർവകലാശാല, പെരിയാർ യൂണിവേഴ്‌സിറ്റി, അളഗപ്പ യൂണിവേഴ്‌സിറ്റി, പണ്ഡിറ്റ് രവിശങ്കർ ശുക്ള യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ ബോർഡ് ഒഫ് സ്റ്റഡീസ് അംഗമായിരുന്നു. കേരള യൂണിവേഴ്‌സിറ്റി അക്കാഡമിക് കൗൺസിൽ, സെനറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ജർമ്മനിയിലെ കാൾഷ്രൂ യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു. 1982ലാണ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. 2001 വരെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ ഫിസിക്സ് വിഭാഗം ലക്ചററായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |