തൃശൂർ: മഹിളാസംഘം സംസ്ഥാന സമ്മേളനം ഏഴ് മുതൽ 10 വരെ തൃശൂരിൽ. ഏഴിന് വൈകിട്ട് അഞ്ചിന് സമ്മേളന നഗരിയിലേക്കുള്ള പതാക, ബാനർ, കൊടിമരം ജാഥകൾ തെക്കേ ഗോപുരനടയിൽ സംഗമിക്കും. വിപ്ലവഗായിക പി.കെ. മേദിനി പതാക ഉയർത്തും. സാംസ്‌കാരിക സമ്മേളനം സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. എട്ടിന് രാവിലെ 10ന് തൃശൂർ റീജ്യണൽ തിയേറ്ററിൽ പ്രതിനിധി സമ്മേളനം എൻ.എഫ്.ഐ.ഡബ്ല്യു ദേശീയ സെക്രട്ടറി നിഷ സിദ്ധു ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.
ഒമ്പതിന് പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് അഞ്ചിന് തെക്കേ ഗോപുരനടയിൽ ഫാസിസ്റ്റ് വിരുദ്ധസമ്മേളനം ആക്ടിവിസ്റ്റ് ടീസ്ത സെതൽവാദ് ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവർത്തക മല്ലികാ സാരാഭായ് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. 10ന് വൈകിട്ട് അഞ്ചിന് തെക്കേഗോപുരനടയിൽ പൊതുസമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ആനിരാജ ഉദ്ഘാടനം ചെയ്യും. മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിക്കുമെന്ന് സ്വാഗതസംഘം ചെയർമാനും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ കെ.കെ. വത്സരാജ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ. രമേഷ് കുമാർ, മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല വിജയകുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |