
തിരുവനന്തപുരം: കേരള നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്ന 'മലയാള ഭാഷാ ആക്ട് 2025' ഭരണഘടനാ വിരുദ്ധമാണെന്ന കർണാടക മുഖ്യമന്ത്രിയുടെയും കർണാടക അതിർത്തി വികസന അതോറിട്ടിയുടെയും ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഐക്യമലയാളപ്രസ്ഥാനം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിലെ ജനസംഖ്യയിൽ 97 ശതമാനത്തിലധികം പേരും മലയാളം മാതൃഭാഷയായുള്ളവരാണ്. കേന്ദ്ര ഭാഷാ ന്യൂനപക്ഷ ഡയറക്ടറേറ്റ് കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ കേവലം 0.26 ശതമാനം മാത്രമാണ് കന്നഡ സംസാരിക്കുന്നവർ. സംസ്ഥാനത്തിന് തങ്ങളുടെ ഔദ്യോഗിക ഭാഷ നിർവചിക്കാനും ഒന്നാം ഭാഷ നിർണയിക്കാനും ഭരണഘടനാപരമായ അവകാശമുണ്ട്. പുതിയ നിയമത്തിൽ ഇതര ഭാഷക്കാർക്ക് മാതൃഭാഷയോടൊപ്പം മലയാളം കൂടി പഠിക്കാൻ അവസരം നൽകുന്നുണ്ട്. കൂടാതെ, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് സർക്കാരുമായുള്ള കത്തിടപാടുകൾ മാതൃഭാഷയിൽ തന്നെ നടത്താമെന്നും മറുപടി അതേ ഭാഷയിൽ ലഭിക്കുമെന്നും നിയമം വ്യക്തമാക്കുന്നുണ്ട്. കർണാടകയിലെ 32 ശതമാനത്തോളം വരുന്ന ഭാഷാ ന്യൂനപക്ഷങ്ങളെ പരിഗണിക്കാത്തവർ കേരളത്തിലെ നടപടികളിൽ ആവലാതിപ്പെടുന്നത് മര്യാദകേടാണെന്നും നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങൾ തള്ളിക്കളഞ്ഞ് ഗവർണർ ബില്ലിൽ ഉടൻ ഒപ്പിടണമെന്നും ഐക്യമലയാളപ്രസ്ഥാനം പ്രസിഡന്റ് എം.വി. പ്രദീപൻ, കൺവീനർ ആർ. നന്ദകുമാർ, സെക്രട്ടറി ഹരിദാസൻ എന്നിവർ ആവശ്യപ്പെട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |