
തിരുവനന്തപുരം: കേരളത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിയാൻ കഴിയുന്ന കുറച്ചുപേരിൽ ഒരാളാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം മുൻ ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. തൊണ്ണൂറ് വയസുള്ള വെള്ളാപ്പള്ളി നടേശൻ ഒരുപാട് അനുഭവങ്ങളുള്ളയാളാണ്. മുഖ്യമന്ത്രി അദ്ദേഹത്തെ കാറിൽ കയറ്റിയതിൽ രാഷ്ട്രീയം കാണേണ്ടതില്ല. വൃദ്ധനായ ഒരാളെ കാറിൽ കയറ്റിയെന്നുമാത്രം കണ്ടാൽ മതിയെന്നും അദ്ദേഹം ഒരു ചാനലിനോട് പറഞ്ഞു.
സാമുദായിക ഐക്യം സ്വാഗതാർഹമാണ്. അത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണെന്ന് കരുതേണ്ടതില്ല. എസ്.എൻ.ഡി.പി യോഗം ശക്തമായ സംഘടനയാണ്. യോജിച്ച് പ്രവർത്തിക്കണമെന്ന് എൻ.എസ്.എസ് ചിന്തിക്കുന്നുണ്ടെങ്കിൽ അത് പുനരുജ്ജീവന നടപടിയും ശക്തമായ ഒരു നീക്കവുമായാണ് കാണുന്നത്.
ജമാഅത്ത് ഇസ്ലാമിയെ അകറ്റി നിറുത്തുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്. മുസ്ലിം വിഭാഗത്തെ ന്യൂനപക്ഷ വിഭാഗമെന്ന നിലയിൽ ഏറ്റവും അധികം ചേർത്തുപിടിച്ചിട്ടുള്ളതും ഇടതുപക്ഷമാണ്. ന്യൂനപക്ഷ സമുദായങ്ങളെ ചേർത്തുപിടിക്കണമെന്നത് അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിട്ടുള്ളവരാണ് ഇടതുപക്ഷമെന്നും ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.
ഹൈന്ദവ ഏകീകരണം
അനിവാര്യം: കേരള
വെള്ളാള മഹാസഭ
തിരുവനന്തപുരം: ഹൈന്ദവ ഏകീകരണം അനിവാര്യമാണെന്ന് കേരള വെള്ളാള മഹാസഭ (കെ.വി.എം.എസ്). ഇക്കാര്യത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ നിലപാടുകൾ ശരിയാണെന്നും, നിലപാടിനെ പിന്തുണച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്തു വന്നത് സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുതിർന്ന ഹൈന്ദവ നേതാവ് വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റേത്. വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളോട് വിയോജിക്കാം. എന്നാൽ അദ്ദേഹത്തെ അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ല. കോൺഗ്രസ് നടത്തുന്ന മത ധ്രുവീകരണം അവസാനിപ്പിക്കണം.ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആചാര സംരക്ഷണം ഉറപ്പാക്കണമെന്നതാണ് സംഘടനയുടെ നിലപാട്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. സർക്കാർ പിന്നീട് ശരിയായ നിലപാട് സ്വീകരിച്ചത് സ്വാഗതാർഹമാണ്..
വാർത്താ സമ്മേളനത്തിൽ അയ്യാ അർജുനൻ പിള്ള, പാറത്തോട് വിജയൻ, കെ.വി.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ.മുകേഷ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സുരേഷ് മണക്കാട് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |