
തിരുവനന്തപുരം: ചൈന, റഷ്യ അടക്കം വിദേശ രാജ്യങ്ങളിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ 425 വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് ഇന്റേൺഷിപ്പിന് അവസരമൊരുക്കാതെ സർക്കാരിന്റെ ക്രൂരത. സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒഴിവില്ലെന്ന് പറഞ്ഞാണ് അവസരം നിഷേധിക്കുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് നൽകുന്നതിൽ 8 ശതമാനം വിദേശ മെഡിക്കൽ ബിരുദക്കാർ ആയിരിക്കണമെന്ന നാഷണൽ മെഡിക്കൽ കൗൺസിൽ നിർദ്ദേശവും പാലിക്കുന്നില്ല.
വിദേശപഠനം കഴിഞ്ഞെത്തുന്നവർക്ക് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) പാസായാലേ കേരളത്തിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാനാകൂ. 2024ഡിസംബർ വരെ ഇത്തരത്തിൽ പരീക്ഷയെഴുതി പാസായവരാണ് സർക്കാരിന്റെ കനിവും കാത്തിരിക്കുന്നത്.
ഒരുവർഷം സംസ്ഥാനത്തെ മെഡിക്കൽ കോളേജിൽ സ്റ്റൈപെൻഡ് രഹിത ഇന്റേൺഷിപ്പ് പൂർത്തിയാക്കിയാലേ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ ലഭിക്കൂ. ശേഷമേ ജോലിയിൽ പ്രവേശിക്കാനാവൂ. ഇതോടെ ബാങ്ക് വായ്പയെടുത്ത് പഠിച്ചവർക്ക് തിരിച്ചടവ് തുടങ്ങേണ്ട സമയമായിട്ടും ഇന്റേൺഷിപ്പ് പോലും പൂർത്തിയാക്കാനായിട്ടില്ല.
സർക്കാർ ഇടപെട്ടാൽ സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പിന് അവസരമൊരുങ്ങും. എന്നാൽ അതിനും സർക്കാർ മുൻകൈയെടുക്കുന്നില്ല. അതേസമയം, ഫീസ് നൽകിയാൽ ഇന്റേൺഷിപ്പ് നൽകാമെന്ന നിലപാടിലാണ് ചില സ്വകാര്യ കോളേജുകൾ. പഠിക്കാൻ ചെലവായതിന് പുറമേ ഇന്റേൺഷിപ്പിനും പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ.
ക്ലാർക് ഷിപ്പിനായി
കാത്ത് 200 പേർ
കൊവിഡ് കാലത്തും യുക്രെയിൻ യുദ്ധസമയത്തും ഓൺലൈനായി എം.ബി.ബി.എസ് പഠിച്ചവർ എഫ്.എം.ജി.ഇ പാസായി കുറഞ്ഞത് ഒരുവർഷം ക്ലാർക്‌ഷിപ്പ് പൂർത്തിയാക്കണം. തുടർന്നാണ് ഇന്റേൺഷിപ്പ് ചെയ്യേണ്ടത്. ക്ലാർക്‌ഷിപ്പിനായി അവസരം കാത്ത് 200ഓളം പേരും കേരളത്തിലുണ്ട്. മറ്റു സംസ്ഥാനങ്ങളിലെല്ലാം ക്ലാർക്‌ഷിപ്പ് ചെയ്യേണ്ടവർക്ക് പ്രത്യേക പരിഗണന നൽകിയെങ്കിലും കേരളത്തിൽ തഴഞ്ഞു.
''കേരളത്തിൽ ഇന്റേൺഷിപ് ലഭിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും. പലർക്കും അതിന് കഴിയാത്ത സ്ഥിതിയാണ്.
-ഡോ.രഞ്ജിത്ത്.സി.ആർ, സെക്രട്ടറി,
അസോസിയേഷൻ ഒഫ് ഡോക്ടേഴ്‌സ്
ആൻഡ് മെഡിക്കൽ സ്റ്റുഡൻസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |