തിരുവനന്തപുരം: ധീരതയ്ക്കുള്ള രാജ്യത്തെ ഉയർന്ന സൈനിക ബഹുമതിയായ വീരചക്ര കേരളത്തിൽ ആദ്യം നേടിയത് നൂറനാട് സ്വദേശി നായിക് ഇ.ഒ. രാഘവനെന്ന് മകൻ എം.ആർ. ആനന്ദരാജ്. 1964ൽ രാഷ്ട്രപതിയായിരുന്നു ഡോ. എസ്. രാധാകൃഷ്ണനാണ് ബഹുമതി നൽകിയത്. ഇ.ഒ. രാഘവൻ ബഹുമതി ഏറ്റുവാങ്ങുന്നത് സംബന്ധിച്ച് 1964 സെപ്തംബർ 26ൽ കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്തയും ആനന്ദരാജ് ചൂണ്ടിക്കാട്ടി. 1962 ഒക്ടോബർ 21ന് ചൈനയുടെ ആക്രമണത്തിൽ നിന്ന് ലഡാക്കിലെ 10 സൈനികരെ രക്ഷിച്ചതിനാണ് ഇ.ഒ. രാഘവന് വീരചക്ര ലഭിച്ചത്.
എന്നാൽ കഴിഞ്ഞ ദിവസം അന്തരിച്ച കുമാരപുരം തോപ്പിൽ നഗർ ചന്ദ്രികാഭവനിൽ ലഫ്. കേണൽ എൻ.സി. നായർ എന്ന എൻ. ചന്ദ്രശേഖരൻ നായരാണ് കേരളത്തിൽ നിന്ന് ആദ്യമായി വീരചക്ര നേടിയതെന്ന് വാർത്ത പുറത്തുവന്നിരുന്നു.
1965ലെ ഇന്തോ - പാക് യുദ്ധത്തിൽ ലഫ്. കേണൽ എൻ.സി. നായരുടെ നേതൃത്വത്തിൽ ശത്രുരാജ്യത്തിന്റെ 50 അടി ഉയരത്തിലുള്ള നിരീക്ഷണപോസ്റ്റ് തകർത്തിരുന്നു. അതിനുള്ള അംഗീകാരമായാണ് വീരചക്ര നൽകിയത്.
എന്നാൽ, തന്റെ പിതാവിന് 1964ൽ വീരചക്ര ലഭിച്ചെന്നും ഇക്കാര്യത്തിൽ പ്രതിരോധ മന്ത്രാലയത്തിൽ തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ നിയമപരമായി നടപടിയെടുക്കുമെന്നും എം.ആർ. ആനന്ദരാജ് പറഞ്ഞു. നൂറനാട് പടനിലം കിടങ്ങയം കരയിൽ മണിമന്ദിരത്തിൽ ഇ.ഒ. രാഘവൻ 2000 ഏപ്രിൽ 29നാണ് നിര്യാതനായത്. രാജമ്മയാണ് ഭാര്യ. മറ്റുമക്കൾ: ചന്ദ്രിക, അജിത, ദിലീപ്. മരുമക്കൾ: ദിവാകരൻ, ഷീബ, പ്രദീപ്, ബീന.
ബുള്ളറ്റുകൾക്കിടയിലൂടെ ജീവനുമായി പാച്ചിൽ
1962 ഒക്ടോബർ 21ന് രാത്രി ലഡാക്കിലെ രണ്ട് സൈനിക പോസ്റ്റുകൾ ചൈന പിടിച്ചടക്കി. തുടർച്ചയായി വെടിവയ്ക്കുന്നതിനിടെ നായിക് ഇ.ഒ. രാഘവന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് ബോട്ടുകളിലായി ഇന്ത്യൻ സൈനികരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. രാഘവന്റെ ബോട്ട് വെടിയേറ്റ് തടാകത്തിൽ മുങ്ങിയെങ്കിലും അദ്ദേഹം മൂന്ന് സൈനികരുടെ ജീവൻ രക്ഷിച്ചു. മറുകരയിൽ കുടുങ്ങിയ ഏഴ് സൈനികരെ പിറ്റേദിവസവും രാഘവൻ രക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |