തിരുവനന്തപുരം : പാൽ വില വർദ്ധിപ്പിച്ചിട്ടില്ലെന്ന് മിൽമ മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റർ എൻ.ഭാസുരാംഗൻ പറഞ്ഞു. വില കൂട്ടണമെന്ന് ടെക്നിക്കൽ കമ്മിറ്റി കഴിഞ്ഞ 26 ന് യോഗം കൂടി പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. എന്നാൽ വില കൂട്ടേണ്ടതില്ലെന്ന സർക്കാർ തീരുമാനം അംഗീകരിക്കാനാണ് ഫെഡറേഷൻ തീരുമാനിച്ചത്. എന്നാൽ അതിനിടെ മിൽമ റിച്ച് എന്നപേരിൽ പച്ച പായ്ക്കറ്റിലിറങ്ങുന്ന പാലിന് ഉദ്യോഗസ്ഥർ ഒരു രൂപ വർദ്ധിപ്പിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ അന്നുതന്നെ ഭരണസമിതി വില വർദ്ധനവ് പിൻവലിച്ചു.
എന്നാൽ ഇതിന്റെ മറവിൽ ചില കേന്ദ്രങ്ങളിൽ പാൽ വിലയിൽ വർദ്ധനയുണ്ടെന്ന് തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്നും കവറിൽ കാണുന്ന വില മാത്രമേ ഉപഭോക്താക്കൾ പാലിന് നൽകാൻ പാടുള്ളൂവെന്നും ഭാസുരാംഗൻ അറിയിച്ചു.
മിൽമതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യു.ഡി.എഫ് ശ്രമമെന്ന്
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യു.ഡി.എഫ് ശ്രമിക്കുകയാണെന്ന് ഇടതുപക്ഷ ക്ഷീരസഹകരണ സംരക്ഷണ മുന്നണി ഭാരവാഹികളായ ഡി.കെ.മുരളി എം.എൽ.എ, വി.പി.ഉണ്ണികൃഷ്ണൻ എന്നിവർ ആരോപിച്ചു. മുൻ ചെയർമാനും ഭരണസമിതി അംഗങ്ങളും യു.ഡി.എഫ് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് കലാപം ഇളക്കിവിടാൻ ശ്രമിക്കുകയാണ്. മേഖലാ യൂണിയൻ മാനേജിംഗ് ഡയറക്ടറെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതൊന്നും വിലപ്പോവാതെ വന്നപ്പോഴാണ് അമ്പതോളം പേർ മേഖലാ യൂണിയൻ ആസ്ഥാനത്തേക്ക് തള്ളിക്കയറിയതെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |