തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ യു.ഡി.എഫ് എം.എൽ.എമാർ എത്തിയത് സൈക്കിളിൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് പാളയത്തെ എം.എൽ.എ ഹോസ്റ്റലിൽ നിന്ന് സൈക്കിളിലെത്തിയത്. വിഷയം ഇന്നലെ അടിയന്തരപ്രമേയമായി അവതരിപ്പിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. തുടർന്ന് തിരികെ പോയതും സൈക്കിളിൽ തന്നെയായിരുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം നികുതി കുറച്ചിട്ടും കേരളം കുറയ്ക്കുന്നില്ലെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. കേരളത്തിൽ നികുതി ഭീകരതയാണ്. പ്രതിഷേധം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് എം.എൽ.എ എം.വിൻസെന്റ് നിയമസഭയിൽ സൈക്കിളിൽ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |