SignIn
Kerala Kaumudi Online
Thursday, 19 February 2026 2.23 AM IST

അയ്യപ്പൻ വിളക്കിൽ പങ്കെടുക്കാനെത്തിയത് റഷീദലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും, ശിവക്ഷേത്രത്തിലെ ഹൃദ്യമായ കാഴ്ച

Increase Font Size Decrease Font Size Print Page
kunjalikkutty

മലപ്പുറം: കച്ചേരിപ്പടി തളി ശിവക്ഷേത്രത്തിലെ അയ്യപ്പൻ വിളക്കിന് പങ്കെടുക്കാൻ മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങളും എംഎൽഎ പികെ കുഞ്ഞാലിക്കുട്ടിയും എത്തി. അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ തളി ശാഖ നടത്തുന്ന ഗുരു താമസ്വാമി സ്മാരക അയ്യപ്പൻ വിളക്കിൽ പങ്കെടുക്കാനായാണ് ഇരുവരും എത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു ഇവർ ക്ഷേത്രത്തിൽ എത്തിയത്.

കഴിഞ്ഞ 17 ദേശവിളക്കിനും പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽ നിന്നും പ്രതിനിധികൾ എത്താറുണ്ട്. ഇത്തവണ എത്തിയത് പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ്. ക്ഷേത്രത്തിലെത്തിയ തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ക്ഷേത്രത്തിലൊരുക്കിയ സമൂഹ അന്നദാനത്തിൽ അയ്യപ്പ ഭക്തൻമാർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ഉച്ചയ്ക്കുശേഷം നടക്കുന്ന അയ്യപ്പൻ വിളക്കിന്റെ കാര്യങ്ങൾ ചോദിച്ച് അറിയുകയും ചെയ്തു. സബാഹ് കുണ്ടുപുഴയ്ക്കൽ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി ഹസീനാ ഫസൽ, വൈസ് പ്രസിഡൻറ് ടി കെ പൂച്ച്യാപ്പു തുടങ്ങിയവർ ക്ഷേത്രത്തിലൊരുക്കിയ സമൂഹ അന്നദാനത്തിൽ പങ്കെടുത്തു.

ക്ഷേത്ര ഭാരവാഹികളായ പറാട്ട് മണികണ്ഠൻ, ഇടത്തിൽ ശശിധരൻ, കെ. പത്മനാഭൻ, സുരേഷ് കടവത്ത്, ചിറയിൽ ബാബു, വിവേക് പറാട്ട്, മനോജ് ഇടത്തിൽ, ദാമോദരൻ പനയ്ക്കൽ എന്നിവർ ചേർന്ന് ക്ഷേത്രത്തിലെത്തിയവരെ സ്വീകരിച്ചു. ശനിയാഴ്ച പുലർച്ചെ ഗണപതി ഹോമത്തോടെ തുടങ്ങിയ ഉത്സവ ചടങ്ങുകൾ ഞായറാഴ്ച പുലർച്ചെ ആറിന് ഗുരുതി തർപ്പണത്തോടെയാണ് സമാപിക്കുക.

ക്ഷേത്രത്തിലെത്തിയ വിവരം കുഞ്ഞാലിക്കുട്ടി സോഷ്യൽമീഡിയയിലും പങ്കുവച്ചിരുന്നു. 'വേങ്ങര തളി ശിവ ക്ഷേത്രത്തിൽ നടക്കുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളോടൊപ്പം പങ്കെടുത്തു.കാലങ്ങളായി പാണക്കാട് കുടുംബത്തെ ഈ പരിപാടിയിലേക്ക് ക്ഷണിക്കാറുള്ളതും തങ്ങന്മാർ ഈ ചടങ്ങിൽ പങ്കെടുക്കുന്നതും വേങ്ങരയുടെ പതിവ് നന്മകളിൽ ഒന്നായി തുടർന്ന് പോരുകയാണ്'- അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

TAGS: PK KUNJALIKKUTTY, AYYAPPAN VILAKK, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY