കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, മുകേഷ് അംബാനി, ഇൻഫോസിസ് മുൻ സി.ഇ.ഒ എൻ.ആർ.നാരായണ മൂർത്തി തുടങ്ങിയവരുടെ പേരിലടക്കം വ്യാജ ടിവി ചാനൽ വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പണം തട്ടുന്ന സെെബർ സംഘം വ്യാപകം.
ദാരിദ്ര്യവും പണപ്പെരുപ്പവും തടയാൻ കേന്ദ്രസർക്കാർ 100 മില്യൺ ഡോളറിലധികം നിക്ഷേപിച്ച പദ്ധതിയിലൂടെ 21,000 രൂപ നിക്ഷേപിച്ച് പ്രതിമാസം 150 കോടിവരെ നേടാമെന്നാണ് പ്രധാനമന്ത്രിയുടേയും മറ്റും പേരിൽ പ്രചരിപ്പിക്കുന്ന വീഡിയോകളുടെ ഉള്ളടക്കം. മൊബെെൽ ഫോണുപയോഗിച്ചും നിക്ഷേപിക്കാമെന്നും പണം നഷ്ടപ്പെടില്ലെന്നുമൊക്കെയാണ് വാഗ്ദാനം.
പ്രമുഖ വാർത്ത അവതാരകരായ അർണാബ് ഗോസ്വാമി, പാൽക്കി ശർമ്മ ഉപാദ്ധ്യായ, റിസർവ് ബാങ്ക് മുൻ ഗവർണർ ശക്തികാന്ത ദാസ്, കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ, സ്റ്റോക്ക് അനലിസ്റ്റ് പി.ആർ.സുന്ദർ, ചാർട്ടേഡ് അക്കൗണ്ടന്റും യൂട്യൂബറുമായ രചന റാനഡെ തുടങ്ങിയവർ പറയുന്ന രീതിയിലാണ് വ്യാജ വീഡിയോകൾ പ്രചരിക്കുന്നത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് തുടങ്ങിയവയിലൂടെയാണ് ഇത് പ്രചരിപ്പിക്കുന്നത്. ശബ്ദം, ഉച്ചാരണം, മുഖഭാവം, ആംഗ്യം എന്നിവ യഥാർത്ഥ വ്യക്തികളുടേതിന് സമാനമാണെന്ന് സെെബർ പൊലീസ് കണ്ടെത്തി. കേരളത്തിൽ ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.
വിശ്വാസമാർജിക്കും
വൻതുക തട്ടും
വീഡിയോകളിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ പ്രമുഖ ഇംഗ്ളീഷ് പത്രങ്ങളുടെ മാതൃകയിൽ നിർമ്മിച്ച വെബ്‌സൈറ്റിൽ പ്രവേശിക്കും. തുടർന്ന് പേര്, മെയിൽ ഐഡി, ഫോൺനമ്പർ എന്നിവ നൽകണം. രജിസ്റ്റർ ചെയ്താലുടൻ ഫോണിൽ വിളിയെത്തും. പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. ഇതിനായി പ്രത്യേകം മൊബൈൽ ആപ്പും ലിങ്കുമുണ്ട്. ആദ്യ ഏതാനും ഇടപാടുകൾക്ക് പ്രതിഫലം നൽകും. വിശ്വാസമാർജിച്ച ശേഷം വൻതുക തട്ടും.
വേണം കരുതൽ
പരിചയമില്ലാത്ത ലിങ്കുകളിൽ ക്ളിക്ക് ചെയ്യരുത്. വൻതുക വാഗ്ദാനത്തിൽ കുടുങ്ങരുത്
തുക നഷ്ടമായാൽ ആദ്യ ഒരു മണിക്കൂറിൽത്തന്നെ 1930 എന്ന നമ്പറിൽ അറിയിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |