തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനമടക്കം എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ തെളിവില്ലെന്ന വിജിലൻസിന്റെ ക്ലീൻചിറ്റ് റിപ്പോർട്ട് പുറത്തുവന്നു. അജിത്തിന്റെ മൊഴി മാത്രം വിശ്വാസത്തിലെടുത്തുള്ള റിപ്പോർട്ടാണിതെന്ന് വിജിലൻസ് കോടതി വിമർശിച്ചിരുന്നു.
പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അന്വേഷണം. അൻവറിന് തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്നാണ് റിപ്പോർട്ട്. പക്ഷേ അജിത്തിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകളുണ്ട്. ആരോപണങ്ങൾ അടിസ്ഥാനരഹിതമായതിനാൽ കേസെടുക്കേണ്ടതില്ലെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. അതേസമയം, വിജിലൻസിന്റെ നിയമോപദേശകന്റെ ഒപ്പില്ലാതെയാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതെന്ന് ആരോപണമുണ്ട്.
കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ അജിത്തിന് പങ്കെന്ന അൻവറിന്റെ ആരോപണം കള്ളമെന്നും ഒരു നടപടിയിലും അജിത്ത് ഇടപെട്ടിട്ടില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്. മലപ്പുറം എസ്.പി ഓഫീസിൽ നിന്ന് തേക്കുമരം കടത്തിക്കൊണ്ടുപോയി ഫർണിച്ചറുണ്ടാക്കിയെന്ന ആരോപണത്തിലും കഴമ്പില്ല. തേക്കിന്റെ മൂന്ന് കഷണങ്ങളും ലേലത്തിൽ വിറ്റതായാണ് രേഖകൾ. തേക്ക്മരം കൊണ്ട് അജിത്ത് ഫർണിച്ചറുണ്ടാക്കിയിട്ടുമില്ല.
ഓൺലൈൻ ചാനലുടമ ഷാജൻ സ്കറിയയിൽ നിന്ന് കേസൊഴിവാക്കാൻ രണ്ടുകോടി വാങ്ങിയെന്നും കവടിയാറിൽ വീടുണ്ടാക്കുന്നതിൽ അഴിമതിപ്പണമുണ്ടെന്നുള്ള ആരോപണങ്ങളിൽ തെളിവില്ലെന്നാണ് കണ്ടെത്തൽ.
ഷാജൻ സ്കറിയ ബ്രിട്ടണിൽ വച്ച് യൂറോ പണം നൽകിയതെന്നാണ് അൻവറിന്റെ ആരോപണം. എന്നാൽ അവിടത്തെ കറൻസി പൗണ്ട് ആണ്. അൻവർ ആരോപണമുന്നയിച്ച അജിത്തിന്റെ സുഹൃത്ത് മുജീബിന് ഷാജനുമായോ അൻവറുമായോ ബന്ധമില്ല. പണമിടപാടും നടന്നിട്ടില്ല. ഇന്റർനെറ്റ് കാൾ വഴിയാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നാണ് അൻവറിന്റെ മൊഴി. ആറു മാസക്കാലയളവിൽ അങ്ങനെയൊരു കാൾ അൻവറിന് വന്നിട്ടില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
മലപ്പുറത്തെ സ്വർണക്കടത്ത് കേസുകളിൽ അജിത് ഇടപെട്ടിട്ടില്ലെന്നാണ് പൊലീസുകാരുടെ മൊഴി. നിയമവിരുദ്ധമായി ഇടപെട്ടില്ലെന്ന് എസ്.പി സുജിത്ത്ദാസും മൊഴിനൽകി.
വീട് നിർമ്മാണം, ഫ്ളാറ്റ്
ഇടപാട് സുതാര്യമെന്ന്
കവടിയാറിലെ വീടുനിർമ്മാണം നിയമപരമാണ്. പണമിടപാടുകൾ ബാങ്കുവഴിയാണ്. ഒന്നരക്കോടിയുടെ ബാങ്ക്‌വായ്പയുമുണ്ട്. ഫ്ലാറ്റ് വില്പനയിലും ബിനാമിയിടപാടില്ല. 33,90,250 രൂപ നൽകിയാണ് ഫ്ലാറ്റ് വാങ്ങിയത്. 2009ൽ വാങ്ങാൻ കരാറുണ്ടാക്കിയെങ്കിലും ബിൽഡർ വിദേശത്തായിരുന്നതിനാൽ 2012ലാണ് ഉടമസ്ഥാവകാശം നൽകിയത്. ബാങ്ക് വായ്പയെടുത്ത് വാങ്ങിയ ഫ്ലാറ്റാണ് ഏഴു വർഷത്തിനു ശേഷം വിറ്റത്. അജിത്തും ബിൽഡറും തിരക്കിലായതിനാലാണ് ആധാരം രജിസ്ട്രേഷൻ നീണ്ടുപോയത്. തന്റെ സ്വത്ത് വിവരങ്ങൾ അജിത്ത് കൃത്യമായി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ദുബായിലെ ബിസിനസും നിക്ഷേപവും സംബന്ധിച്ച ആരോപണത്തിലും കഴമ്പില്ല. അജിത്തിന്റെയും ഭാര്യയുടെയും ബന്ധുക്കൾക്ക് ദുബായിൽ ജോലിയോ ബിസിനസോയില്ല. അജിത്തിന് ദുബായിൽ ഒരു ബിസിനസിലും നിക്ഷേപമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പുറത്തുവന്നത് വിവരാവകാശ നിയമപ്രകാരം നൽകാതിരുന്ന റിപ്പോർട്ട്
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരുന്നില്ല. അജിത്തിന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നായിരുന്നു മറുപടി. റിപ്പോർട്ടിലെ ഉള്ളടക്കം വ്യക്തിപരമാണെന്നും അത് പുറത്തുവിടാനാവില്ലെന്നും പൊതുതാത്പര്യം, പൊതുപ്രവർത്തനം എന്നിവയുടെ ഭാഗമായതല്ല റിപ്പോർട്ടെന്നുമായിരുന്നു സർക്കാരിന്റെ മറുപടി. ഈ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയ ശേഷമാണ് പൂർണരൂപത്തിൽ പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |