കോട്ടയം: ജലന്ധർ ബിഷപ്പായിരിക്കെ ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോട്ടയം സെഷൻസ് കോടതി ഇന്ന് വിധി പറയും. രാജ്യത്താദ്യമായി ഒരു കന്യാസ്ത്രീ സ്വന്തം സഭയിലെ ബിഷപ്പിനെതിരെ നൽകിയ പീഡന കേസാണിത്. മാനഭംഗം തെളിഞ്ഞാൽ ഫ്രാങ്കോയ്ക്ക് പത്തു വർഷമെങ്കിലും തടവുശിക്ഷ ലഭിക്കാം. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം അടക്കം പത്തു വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കർദ്ദിനാൾ ജോർജ് ആലഞ്ചേരി, പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ഭഗൽപൂർ രൂപത ബിഷപ്പ് കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ രൂപതാ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ എന്നിവരും മറ്റ് 11 വൈദികരും തിരുവസ്ത്രം ഉപേക്ഷിച്ചവരടക്കം 25 കന്യാസ്ത്രീകളും മൊഴി രേഖപ്പെടുത്തിയ 10 മജിസ്ട്രേട്ടുമാരും സാക്ഷിപ്പട്ടികയിലുണ്ട്. 122 പ്രമാണങ്ങളും നാല് തൊണ്ടി മുതലും പ്രോസിക്യൂഷൻ ഹാജരാക്കി.
അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ്, എസ്.ഐ എം.പി. മോഹൻദാസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അഡ്വ. ജിതേഷ് ജെ. ബാബുവാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. അഡ്വ. കെ. രാമൻ പിള്ളയും സി.എസ്. അജയനും പ്രതിഭാഗത്തിനുവേണ്ടി ഹാജരായി.
കേസ് ഇങ്ങനെ
2014നും 2016നും ഇടയിൽ കുറവിലങ്ങാട് നാടുകുന്ന് മഠത്തിൽ വച്ച് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. 2017 ജൂൺ 27ന് കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസിൽ പരാതി നല്കിയെങ്കിലും മൊഴി എടുക്കാൻ പോലും തയ്യാറായില്ല. ഇതിനെതിരെ കന്യാസ്ത്രീകൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതും 2018 സെപ്തംബർ 21ന് അറസ്റ്റ് ചെയ്തതും. 25 ദിവസം ഫ്രാങ്കോ റിമാൻഡിൽ കഴിഞ്ഞു. കുറ്റപത്രം വൈകിപ്പിക്കാനും നീക്കമുണ്ടായി. സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ സമരം പ്രഖ്യാപിച്ചതോടെയാണ് കുറ്റപത്രം സമർപ്പിച്ചത്.
ചുമത്തിയ വകുപ്പുകൾ
സെക്ഷൻ 342: അന്യായമായി തടഞ്ഞുവയ്ക്കൽ (ഒരു വർഷം കഠിന തടവും പിഴയും),
സെക്ഷൻ 376 (സി) (എ): അധികാര ദുർവിനിയോഗം വഴി ലൈംഗികമായി ഉപയോഗിക്കൽ. (5 മുതൽ 10 വർഷം വരെ കഠിന തടവ്).
സെക്ഷൻ 377: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം (പത്തു വർഷത്തിൽ കുറയാത്ത തടവും പിഴയും).
സെക്ഷൻ 506(1): ഭീഷണിപ്പെടുത്തൽ (7 വർഷം കഠിന തടവ്).
സെക്ഷൻ 376(2)(കെ): മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യുക (7 വർഷത്തിൽ കുറയാത്ത കഠിന തടവും പിഴയും),
സെക്ഷൻ 376 (2)(എൻ): ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യുക (പത്തു വർഷത്തിൽ കുറയാതെ തടവും പിഴയും).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |