
ഇത്തവണത്തെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ പ്രമുഖരുടെ നീണ്ടനിരയാണ്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, മുൻ പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അങ്ങനെ നീളുന്നു പട്ടിക. ആരൊക്കെ മത്സരിക്കും, ആരൊക്കെ ജയിക്കും, ജയിച്ചു ഭൂരിപക്ഷം കിട്ടിയാൽ ആരാകും മുഖ്യമന്ത്രി തുടങ്ങിയ ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. തർക്കം മുറുകിയാൽ വിമാനത്തിലിറങ്ങി പണ്ട് മുഖ്യമന്ത്രിയായ ആന്റണിയുടെ പിൻഗാമി വരുമോയെന്ന ചോദ്യവും പ്രസക്തം. നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിച്ച രാഷ്ട്രീയ സാഹചര്യത്തിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കേരള കൗമുദിയോട് സംസാരിക്കുന്നു.
? താങ്കൾ മത്സരിക്കുന്നുണ്ടോ
അങ്ങനെ ഒരാവശ്യം ഉയരുന്നുണ്ട്. തീരുമാനം എടുത്തിട്ടില്ല. പാർട്ടി തീരുമാനം വരട്ടെ, അപ്പോൾ നോക്കാം.
? കെ.പി.സി.സി പ്രസിഡന്റും മുൻ പ്രസിഡന്റുമാരും കൂട്ടമായി മത്സരത്തിനിറങ്ങുകയാണല്ലോ
കെ.പി.സി.സി പ്രസിഡന്റ് മത്സരിക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. പറഞ്ഞതിന് ഒറ്റ അർത്ഥമേയുള്ളൂ. കെ.പി.സി.സി പ്രസിഡന്റെന്നത് ഏതെങ്കിലും ഒരാളെ ഉദ്ദേശിച്ചല്ല. കെ.പി.സി.സി പ്രസിഡന്റ് എന്നാൽ ഒരു വ്യക്തിയല്ല, വലിയൊരു പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന ആളാണ്. അയാൾ മത്സരിക്കാനിറങ്ങിയാൽ കേരളത്തിലെ 140 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പിന് ആരു നേതൃത്വം നൽകും. ഞാൻ പ്രസിഡന്റായിരുന്ന കാലത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ താരിഖ് അൻവർ വിളിച്ചുചോദിച്ചു, മുല്ലപ്പള്ളിക്ക് കേരളത്തിൽ ഏറ്റവും വിജയ സാദ്ധ്യതയുള്ള മണ്ഡലമെടുക്കാം. പക്ഷേ സ്‌നേഹപൂർവം നിരസിക്കുകയായിരുന്നു. പാർട്ടിയെ തിരഞ്ഞെടുപ്പിൽ സജ്ജമാക്കുകയാണ് എന്റെ കർത്തവ്യം. അപ്പോൾ സ്ഥാനാർത്ഥിയാകുന്നത് അതിന് തടസമാണെന്ന് തീർത്തുപറഞ്ഞു. മുല്ലപ്പള്ളിക്ക് രാഷ്ട്രീയത്തിൽ ഒരു ധാർമ്മികതയുണ്ട്.
? അധികാര രാഷ്ട്രീയത്തോടുള്ള ആസക്തിയാണോ പ്രശ്‌നം
അത് കോൺഗ്രസിന്റെ മാത്രം പ്രശ്‌നമല്ല. എല്ലാ രാഷ്ട്രീയ പ്രസ്ഥാനത്തിലുമുണ്ട്. ഒരു പക്ഷേ ഇന്ന് കൂടുതൽ സി.പി.എമ്മിലാവും. സുരേഷ്‌കുറുപ്പിനേയും സുധാകരനേയും പോലുള്ള മാതൃകാ കമ്മ്യൂണിസ്റ്റുകളെല്ലാം അപ്രത്യക്ഷമാവുന്നത് അതുകൊണ്ടല്ലേ.
? കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയാൽ ആരാവും മുഖ്യമന്ത്രി
അതൊക്കെ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷമുള്ള തീരുമാനങ്ങളല്ലേ. അനുയോജ്യമായ തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കും. എന്തായാലും ഇത്തവണ യു.ഡി.എഫ് സർക്കാർ വരുമെന്ന് ഉറപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.