പേരാമ്പ്ര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് സംബന്ധിച്ച വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ അതിന് പിന്നിൽ ആരൊക്കെയാണ് പ്രവർത്തിച്ചതെന്ന് വ്യക്തമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. പേരാമ്പ്രയിൽ ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജ അപേക്ഷകൾ ശുപാർശ ചെയ്ത് സർക്കാരിന് സമർപ്പിച്ചവരുടെ കൂട്ടത്തിൽ ആറ്റിങ്ങലിൽ നിന്നുള്ള കോൺഗ്രസ് എം.പിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുണ്ടെന്ന കാര്യമാണ് പുറത്തുവന്നിട്ടുള്ളത്. ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതിനുള്ള ഏജൻസിയായി ചിലർ പ്രവർത്തിച്ചുവെന്നുവേണം കരുതാൻ. സി.പി.എമ്മിന് വേണ്ടപ്പെട്ടവരാണ് തട്ടിപ്പിന് പിന്നിലെന്ന് ആക്ഷേപിക്കുന്ന യു.ഡി.എഫും അവരെ അനുകൂലിക്കുന്ന മാദ്ധ്യമങ്ങളും എന്താ ഇക്കാര്യം മറച്ചുവെക്കാൻ ശ്രമിക്കുന്നത്. പഴുതടച്ച അന്വേഷണവും തുടർനടപടികളും ഇക്കാര്യത്തിൽ വേണമെന്നും അദ്ദേഹം പറഞ്ഞു.
എൻ.ഐ.ടിയിൽ
കാവിവത്ക്കരണം
എൻ.ഐ.ടിയെ കാവിവത്ക്കരിക്കാനുള്ള നീക്കങ്ങളുടെ തുടർച്ചയാണ് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള കേസരി ഭവന് കീഴിലുള്ള മാഗ്കോം ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള ധാരണാപത്രമെന്ന് എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം എൻ.ഐ.ടിയിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഇതിന് കളമൊരുക്കാനാണ് വിദ്യാർത്ഥി രാഷ്ട്രീയം വിലക്കുന്നത്. കോഴ്സുകൾക്ക് സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ മാഗ്കോം നിശ്ചയിക്കുന്നവരായിരിക്കും ഇവിടത്തെ അദ്ധ്യാപകർക്കൊപ്പം ക്ലാസ് നയിക്കുക. ക്യാമ്പസിൽ വിദ്യാർത്ഥി രാഷ്ട്രീയം അനുവദിക്കില്ലെന്ന് ശഠിക്കുന്നവർ തന്നെയാണ് എ.ബി.വി.പി പരിപാടിക്ക് അനുമതി നൽകിയതും പങ്കെടുത്തതും. മതനിരപേക്ഷതയ്ക്ക് ഏറെ വേരോട്ടമുള്ള കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നടക്കാൻ പാടില്ലാത്തതാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഗോവിന്ദൻ പറഞ്ഞു.
ജാഥാംഗങ്ങളായ സി.എസ്.സുജാത, പി.കെ ബിജു, എം.സ്വരാജ്, ജെയ്ക് സി.തോമസ്, കെ.ടി ജലീൽ തുടങ്ങിയവരും പങ്കെടുത്തു .
ശുപാർശയിൽ പിഴവില്ല:
പ്രതിപക്ഷ നേതാവ്
റായ്പൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നുള്ള സഹായത്തിന് അർഹതയുള്ള വ്യക്തിയെയാണ് ശുപാർശ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ റായ്പൂരിൽ പറഞ്ഞു. സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്റെ വിമർശനം പദവിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.രണ്ട് ലക്ഷം രൂപയിൽ താഴെയാണ് വരുമാനമെന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും രണ്ട് വൃക്കകളും തകരാറിലായതിനാൽ ഡയാലിസിസ് നടത്തുകയാണെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പമുണ്ടായിരുന്നു. വില്ലേജ് ഓഫീസറുടെയും ഡോക്ടറുടെയും സർട്ടിഫിക്കറ്റുമായി വരുന്ന അപേക്ഷകൾ മുഖ്യമന്ത്രിക്ക് അയയ്ക്കുകയാണ്പതിവ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് കൂടുതൽ പരിശോധനയ്ക്കായി അയയ്ക്കുന്നത്.
തന്റെ പേരിൽ പാവപ്പെട്ട രോഗിയെ ആക്ഷേപിക്കുന്നത് ശരിയല്ല. ഗോവിന്ദൻ മാഷിനെ പോലുള്ള ഒരാൾ വഹിക്കുന്ന പദവിയുടെ മഹത്വം ഓർക്കാതെ പത്രവാർത്ത വിളിച്ച് പറഞ്ഞത് മോശമായിപ്പോയി.
ദുരിതാശ്വാസ നിധി തട്ടിപ്പിൽ
കേസ് മുറുക്കി വിജിലൻസ്
തിരുവനന്തപുരം: രോഗികൾക്കും അശരണർക്കും താങ്ങാവേണ്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യാതൊരു അർഹതയും ഇല്ലാത്തവർ തട്ടിയെടുത്തതിനെക്കുറിച്ച് വിജിലൻസ് വിശദമായ അന്വേഷണം തുടങ്ങി. പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ ക്രമക്കേടിന് കൂട്ടുനിന്ന ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും മൊഴി രേഖപ്പെടുത്തിത്തുടങ്ങി. റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തി നടപടിക്കായി വകുപ്പിന് ശുപാർശ ചെയ്യും. ഡോക്ടർമാർക്കെതിരായ നടപടിക്ക് ആരോഗ്യവകുപ്പിനോട് നിർദ്ദേശിക്കും. കുറ്റക്കാർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കും. ജില്ലകളിലെ തട്ടിപ്പിന്റെ വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച വിജിലൻസ് ഡയറക്ടർക്ക് കൈമാറും.
ഏജന്റുമാരിൽ നിന്ന് കോഴ വാങ്ങിയാണ് ഡോക്ടർമാർ തെറ്റായ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്ന് വിജിലൻസ് പറയുന്നു. അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷിക്കാനെത്തുന്നവരെ ഏജന്റുമാർ വശത്താക്കി ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്. പുനലൂരിൽ 1500മെഡിക്കൽ സർട്ടിഫിക്കറ്ര് നൽകിയ ഡോക്ടറുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം തുടങ്ങി. രോഗികളെ കാണാതെയാണ് മിക്ക മെഡിക്കൽ സർട്ടിഫിക്കറ്റുകളും നൽകിയിട്ടുള്ളത്. വിദഗ്ദ്ധരല്ല സർട്ടിഫിക്കറ്റുകൾ നൽകിയതും. ഹൃദ്റോഗത്തിനടക്കം സർട്ടിഫിക്കറ്റ് നൽകിയത് ആയുർവേദ ഡോക്ടർമാരാണ്.
പഞ്ചായത്ത് അംഗത്തിന്റെ ഭീഷണി:
പാർട്ടി ജാഥയ്ക്ക് വന്നില്ലെങ്കിൽ
തൊഴിലുറപ്പ് തെറിക്കും
മയ്യിൽ(കണ്ണൂർ): സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പഞ്ചായത്തംഗം അയച്ച ഭീഷണി സന്ദേശം പുറത്ത്.
കണ്ണൂർ മയ്യിൽ പഞ്ചായത്തംഗം സി.സുചിത്ര വാട്ട്സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശമാണ് പുറത്തുവന്നത്. ജാഥയ്ക്ക് പോകാത്തവർക്ക് ജോലി നൽകുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ബുധനാഴ്ചയാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ ജാഥയ്ക്ക് സ്വീകരണം നൽകിയത്. ഇതിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ടാണ് സുചിത്ര വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമിട്ടത്.
നാളെ ഗോവിന്ദന്റെ ജാഥയുടെ പരിപാടി രാവിലെ തളിപ്പറമ്പിലാണ്. മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും അതിൽ പങ്കെടുക്കണം. പണിയുള്ള വാർഡിലെല്ലാം പണി ലീവാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞുപോകരുത്.
വരാൻ പറ്റാത്ത ആൾക്കാരുണ്ടെങ്കിൽ എന്നെ വിളിക്കാം. ഞാൻ അവരോട് അതിനുള്ള ഉത്തരം തന്നേക്കാം. പരിപാടിക്കൊന്നും പോകാത്ത ആൾക്കാരാണെങ്കിൽ അടുത്ത പണീന്റെ കാര്യം അന്നേരം നമ്മൾ ചിന്തിക്കാം എന്നാണ് സന്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |