
കൊല്ലം: ദേശീയപാത 66ൽ കൊട്ടിയത്തിനടുത്ത് മൈലക്കാട്ട് നിർമ്മാണം പുരോഗമിക്കുന്ന ഉയരപ്പാതയിലെ പാർശ്വഭിത്തി തകർന്ന് സർവീസ് റോഡ് നൂറ് മീറ്റോളം പൊട്ടിപ്പിളർന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തമൊഴിവായത്. ഉയരപ്പാതയിൽ 30 അടിയോളം നീളത്തിലും ഇരുപതടിയോളം താഴ്ചയിലും മണ്ണ് താഴ്ന്നുപോവുകയായിരുന്നു.
സർവീസ് റോഡിലൂടെ കടന്നുപോയ സ്വകാര്യ സ്കൂൾ ബസും മൂന്ന് കാറുകളും വിള്ളലുണ്ടായ ഭാഗത്ത് കുടുങ്ങി.സ്കൂൾ ബസിലെ 36 വിദ്യാർത്ഥികളെ ഉടൻ മറ്റ് വാഹനങ്ങളിൽ വീടുകളിൽ എത്തിച്ചു. മൂന്ന് കാറുകളുടെ പിൻഭാഗത്തെ ടയറുകൾ വിള്ളലിനുള്ളിൽ വീണു. ആർക്കും പരിക്കില്ല. ഇതുവഴി തിരുവനന്തപുരത്തേക്കുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു.
ഇന്നലെ വൈകിട്ട് 3.50ന് കാവനാട് കടമ്പാട്ടുകോണം റീച്ചിലാണ് സംഭവം. അടിഭാഗത്തെ മണ്ണ് തൊട്ടുചേർന്നുള്ള വയലിലേക്ക് ഇടിഞ്ഞു നീങ്ങിയതാകാം തകർച്ചയ്ക്ക് കാരണമെന്ന് കരുതുന്നു. അടിമണ്ണിന് ബലക്കുറവുള്ള ഭാഗത്ത് റോഡിനും വയലിനുമിടയിൽ പാർശ്വഭിത്തി നിർമ്മിച്ചിരുന്നില്ല.
കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് റോഡും തൊട്ടുചേർന്നുള്ള ഉയരപ്പാതയുടെ റീഇൻഫോഴ്സ്ഡ് വാളുമാണ് തകർന്നത്. ഉയരപ്പാത 30 ഡിഗ്രിയോളം ഉള്ളിലേക്ക് ചരിഞ്ഞു. രണ്ടടി വരെ വീതിയിലാണ് വിള്ളലുകൾ. സർവീസ് റോഡിനും ഓടയ്ക്കും ഇടയിലും വിള്ളലുണ്ടായി.
ശിവാലയ കൺസ്ട്രക്ഷൻസിനാണ് നിർമ്മാണക്കരാർ. എൻ.എച്ച്.എ.ഐ കരാർ കമ്പനിയോട് വിശദീകരണം തേടി. തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊട്ടിയം ജംഗ്ഷനിൽ നിന്ന് കണ്ണനല്ലൂർ വഴി തിരിച്ചുവിട്ടു. കളക്ടർ എൻ. ദേവിദാസ്, ജി.എസ്. ജയലാൽ എം.എൽ.എ, എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ ദേവപ്രസാദ് സാഹു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. കളക്ടർ എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തകർന്ന സ്ഥലം എത്രയും വേഗം പുനർനിർമ്മിക്കുമെന്ന് എൻ.എച്ച്.എ.ഐ അധികൃതർ പറഞ്ഞു.
നിറച്ചത് കായലിലെ
ഉറപ്പില്ലാത്ത ചെളി
ഉയരപ്പാതയുടെ മുകൾഭാഗത്ത് നാലടിയോളം താഴ്ചയിൽ മാത്രമാണ് പശയുള്ള ചെമ്മണ്ണിട്ടത്. അതിന് താഴെ അഷ്ടമുടിക്കായലിൽ നിന്നുള്ള മണൽകലർന്ന ചെളിയാണ് നിറച്ചിരുന്നത്. സൈഡ് വാൾ റോഡിലേക്ക് പതിക്കാതിരുന്നതിനാലാണ് ദുരന്തമൊഴിഞ്ഞത്. റോഡിന്റെ വശത്തുകൂടിയുള്ള പൈപ്പ് ലൈനും പൊട്ടി.
ഇരുവശത്തും വയൽ
റോഡിനുകുറുകെ തോട്
റോഡ് തകർന്ന ഭാഗത്ത് ഇരുവശങ്ങളിലും 150 മീറ്ററോളം നീളത്തിൽ വയൽ
വയലിന് നടുവിലൂടെയുള്ള തോട്, റോഡിന് കുറുകെ കടന്നുപോകുന്നു
തോട്ടിൽ നിന്നു 10 മീറ്റർ മാറി സമാന്തരമായാണ് അടിപ്പാത നിർമ്മാണം
അടിപ്പാതയിലേക്കുള്ള അപ്രോച്ച് റോഡായി നിർമ്മിച്ചതാണ് തകർന്ന ഉയരപ്പാത
കേന്ദ്രത്തിന് കത്തയച്ച് മി റിയാസ്
തിരുവനന്തപുരം: കൊല്ലം മൈലക്കാട് ദേശീയ പാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരിക്ക് കത്തയച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി റിയാസ് ആവശ്യപ്പെട്ടു. സംഭവത്തിൽ പൊതുമരാമത്ത് സെക്രട്ടറിയോട് അടിയന്തര റിപ്പോർട്ടും തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |