
കോട്ടയം: പതിറ്റാണ്ടുകളായി എൻ.എസ്.എസ് പിന്തുടരുന്ന സമദൂര നിലപാട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസ് രാഷ്ട്രീയം ഉപേക്ഷിച്ചതിനുശേഷം ഒരു പാർട്ടിയോടും വെറുപ്പില്ല. ശബരിമല വിഷയത്തിലാണ് സമദൂരത്തിലെ ശരിദൂരം എന്നുപറഞ്ഞത്. അത് രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യത്തിലും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പെരുന്നയിൽ മന്നം ജയന്തി സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അയ്യപ്പ സംഗമത്തെ തുടർന്ന് എൻ.എസ്.എസ് ഇടതിനോട് അടുക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ജയന്തി സമ്മേളനം എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രിമാരായ കെ.ബി.ഗണേശ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ, ആന്റോ ആന്റണി, എൻ.കെ.പ്രേമചന്ദ്രൻ, ജോസ്.കെ.മാണി, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി.
'ഇത് രാഷ്ട്രീയ യോഗമല്ല'
മന്നം ജയന്തി സമ്മേളന വേദിയിൽ ഇക്കുറി രാഷ്ട്രീയ നേതാക്കൾക്ക് ഇടമുണ്ടായിരുന്നില്ല. അതിനുള്ള കാരണവും സ്വാഗത പ്രസംഗത്തിൽ സുകുമാരൻ നായർ വിശദീകരിച്ചു. എല്ലാ തവണയും രാഷ്ട്രീയ നേതാക്കളെയാണ് വിളിക്കുന്നത്. ഇത്തവണ വിളിച്ചില്ല. ഇത് രാഷ്ട്രീയ യോഗമല്ല. മന്നത്തിന്റെ പേരുപോലും ശരിയായി പറയാൻ പേരുംപെരുമയുമുള്ള രാഷ്ട്രീയ നേതാക്കൾക്ക് അറിയില്ല. മന്നത്ത് പത്മനാഭനെക്കുറിച്ച് നല്ല ഭാഷയിൽ സംസാരിക്കാൻ കഴിയുന്ന ആളുകളെയാണ് വിളിക്കേണ്ടതെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |