കൊച്ചി: അമ്മയുടെ അനുഗ്രഹം തേടി താരദമ്പതികളായ നയൻതാരയും വിഘ്നേഷും കൊച്ചിയിലെത്തി. ചെന്നൈ മഹാബലിപുരത്ത് നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ അനാരോഗ്യം മൂലം കഴിയാതിരുന്ന അമ്മ ഓമന കുര്യനെ കാണാനെത്തിയ ഇരുവരും രണ്ടുദിവസം കേരളത്തിലുണ്ടാകും.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് ഇവർ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. ഓറഞ്ച് നിറമുള്ള ചുരിദാർ അണിഞ്ഞ് നയൻതാരയും കറുത്ത ടീഷർട്ടും പാന്റ്സുമണിഞ്ഞ് വിഘ്നേഷും സാധാരണക്കാരെ പോലെയാണ് എത്തിയത്. പുറത്തിറങ്ങിയ ഇരുവരും കാറിൽ തേവരയിലെ ഫ്ളാറ്റിലേക്ക് പോയി.
വിമാനത്താവളത്തിൽ ആരുമായും സംസാരിച്ചില്ല. മലയാളത്തിലെ സിനിമാപ്രവർത്തകർക്കായി വിരുന്ന് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തിരുവല്ല സ്വദേശി ഡയാന മറിയം കുര്യനാണ് സിനിമയിൽ നയൻതാരയായി മാറിയത്. മലയാളത്തിൽ തുടക്കം കുറിച്ച നയൻതാര പിന്നീട് തമിഴിലും തെലുങ്കിലും നായികയായി. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ നയൻതാര സിനിമാ നിർമ്മാതാവ് കൂടിയാണ്. 75 ലേറെ സിനിമകളിൽ നായികയായി. ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |