SignIn
Kerala Kaumudi Online
Friday, 26 April 2024 10.26 PM IST

തമ്പൊഴിഞ്ഞു നടനതമ്പുരാൻ, നെടുമുടി വേണു ഓർമ്മയായി , സംസ്കാരം ഇന്ന്

kk

തിരുവനന്തപുരം: തനതായ അഭിനയശൈലിയും അസുലഭമായ പ്രതിഭാവിലാസവുംകൊണ്ട് മലയാള സിനിമയുടെ കൊടുമുടി കീഴടക്കിയ നെടുമുടി വേണു ഓർമ്മയായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ അന്ത്യം. 73 വയസായിരുന്നു. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് 'കിംസ്' ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൃതദേഹം വട്ടിയൂർക്കാവ് തിട്ടമംഗലത്തെ വീടായ 'തമ്പി'ൽ എത്തിച്ചപ്പോൾ അന്തിമോപചാരമർപ്പിക്കാൻ പ്രമുഖർ ഉൾപ്പെടെ എത്തിയിരുന്നു. ഇന്നു രാവിലെ 10.30ന് അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് രണ്ടിന് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ സംസ്കാരം നടക്കും.

നാടകക്കളരിയിൽനിന്നാണ് 1978ൽ ജി. അരവിന്ദന്റെ 'തമ്പി'ലൂടെ സിനിമയിലെത്തിയത്. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചു. ഭരതന്റെ ആരവവും തകരയുമാണ് നടൻ എന്ന നിലയിൽ ഇരിപ്പിടം ഉറപ്പിച്ചത്.

നായകനായും വില്ലനായും സ്വഭാവ നടനായും നാലര പതിറ്റാണ്ട് പിന്നിട്ട നെടുമുടി തമാശ വേഷങ്ങളും ഹൃദ്യമാക്കി.

ആലപ്പുഴ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന വാലേഴത്ത് പി.കെ. കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആൺമക്കളിൽ ഇളയ മകനായി 1948ലാണ് ജനനം. കെ.വേണുഗോപാൽ എന്നായിരുന്നു പേര്. നെടുമുടി എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. ആലപ്പുഴ എസ്. ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം പത്രപ്രവർത്തകനായും പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു. കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങളായിരുന്നു അഭിനയത്തിന്റെ വഴിതെളിച്ചത്.

തകര, ചാമരം, ആരവം, പാളങ്ങൾ തുടങ്ങിയവയിലൂടെ സമാന്തര സിനിമയുടെ മുഖമായി മാറിയ നെടുമുടി, വാണിജ്യ സിനിമയുടെയും അവിഭാജ്യഘടകമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ കാരണവർ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു നാന്ദിയായി. ശബ്ദവിന്യാസത്തിലും മൃദംഗം വായനയിലും സമർത്ഥനായ നെടുമുടി,​ കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീർത്ഥം,അമ്പട ഞാനേ എന്നീ സിനിമകളുടെ രചയിതാവാണ്. പൂരം സിനിമയും കൈരളിവിലാസം ലോഡ്ജ് സീരിയലും സംവിധാനം ചെയ്തു. ആണും പെണ്ണുമാണ് ഒടുവിൽ പുറത്തുവന്ന ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്ത 'മരക്കാർ അറബിക്കടലിന്റെ സിംഹ'മാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്ത ഹ്രസ്വ തമിഴ് ചിത്രം 'സമ്മർ ഓഫ് 92' വിലാണ് ഒടുവിൽ അഭിനയിച്ചത്. ഭാര്യ: ടി.ആർ.സുശീല. മക്കൾ: ഉണ്ണി വേണു, (എസ്.ജി.എസ്.കമ്പനി, ദുബായ്), കണ്ണൻ വേണു (നാഷണൽ പെയിന്റ്സ് അബുദാബി). മരുമകൾ: മെറീന, വൃന്ദ (എസ്.ബി.ഐ, തിരുപ്പൂർ).

-പുരസ്കാരങ്ങൾ

മികച്ച നടനുള്ള ദേശീയ അവാർഡ് തലനാരിഴക്ക് നഷ്ടമായെങ്കിലും സഹനടൻ ഉൾപ്പെടെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ മൂന്നുതവണ ലഭിച്ചു. ആറു തവണ സംസ്ഥാന പുരസ്‌കാരം നേടി. 1990ൽ ഹിസ്‌ ഹൈനസ് അബ്ദുള്ളയിലെ അഭിനയത്തിനാണ് സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. 2003ൽ 'മാർഗ'ത്തിലെ അഭിനയിത്തിന് ദേശീയ അവാർഡിൽ പ്രത്യേക പരാമർശം. 2006ൽ മിനുക്ക് എന്ന നോൺ ഫീച്ചർ സിനിമയിലെ വിവരണത്തിന് ദേശീയ അവാർഡ് ലഭിച്ചു.

വിടപറയും മുമ്പെയും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും മാർഗവും മികച്ച നടനുളള സംസ്ഥാന അവാർഡിന് അർഹനാക്കി. മൂന്നു തവണ മികച്ച സഹനടനായി.

സി​നി​മാ​ഭി​ന​യം​ ​എ​നി​ക്ക് ​ഭ്ര​മ​മു​ള്ള​ ​കാ​ര്യ​മേ​ ​ആ​യി​രു​ന്നി​ല്ല.​ ​‘​ത​മ്പി​’​ലെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി​ ​അ​ര​വി​ന്ദ​ൻ​ ​എ​ന്നെ​ ​പി​ടി​കൂ​ടി​യി​ട്ടും​ ​സി​നി​മ​യാ​ണെ​ന്റെ​ ​ലോ​ക​മെ​ന്നു​ ​ചി​ന്തി​ച്ച​തേ​യി​ല്ല.​ ​പ​ടി​പ​ടി​യാ​യി​ ​സി​നി​മ​യി​ലെ​ ​തി​ര​ക്കു​ ​കൂ​ടി​യ​പ്പോ​ൾ​ ​ഇ​ഷ്ട​ജോ​ലി​യാ​യ​ ​പ​ത്ര​പ്ര​വ​ർ​ത്ത​നം​ ​ഉ​പേ​ക്ഷി​ച്ചു.​ ​സി​നി​മ​ ​എ​ന്നെ​ ​കൈ​വി​ടാ​തെ​ ​കൂ​ടെ​ക്കൊ​ണ്ടു​ന​ട​ന്നു.

നെ​ടു​മു​ടി​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEDUMUDI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.