ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ തടസ്സം കൂടാതെ നടക്കുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഡയറക്‌ടർ ജനറൽ സുബോധ് കുമാർ സിംഗ് പറഞ്ഞു.
24 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 1600 പേരുടെ കാര്യത്തിൽ മാത്രമാണ് പരാതിയെന്നും 4750 സെന്ററുകളിൽ ആറെണ്ണത്തിന് നേരേയാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,പരീക്ഷാഫലം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാല്പര്യ ഹർജിയെത്തി.
ഫിസിക്സിലെ ഒരുചോദ്യത്തിന് രണ്ട് ശരിയുത്തരം വന്നതിന്റെപേരിൽ ഗ്രേസ് മാർക്ക് കൊടുക്കുന്നതിനെ ചോദ്യം ചെയ്ത് വിദ്യാർത്ഥിനി ശ്രേയാൻസി താക്കൂർ മാതാവ് മുഖാന്തരം ഡൽഹി ഹൈക്കോടതിയിൽ ഹർജിനൽകി.ഇതിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു.ജൂൺ 12ന് പരിഗണിക്കും.
വീണ്ടും പരീക്ഷ നടത്തണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജൂനിയർ ഡോക്‌ടേഴ്സ് നെറ്റ്‌വർക്ക് ആവശ്യപ്പെട്ടു.
അന്വേഷണം വേണം: പ്രതിപക്ഷം
അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തി. സമഗ്രവും നിഷ്‌പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി സഞ്ജയ് കുമാറിന് കത്ത് നൽകി. സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആംആദ്മി പാർട്ടി ആവശ്യപ്പെട്ടു. വൻ അഴിമതിയെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു.പരീക്ഷാഫലം റദ്ദാക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷാ ക്രമക്കേട്:പ്രതിപക്ഷ നേതാവ് കത്തയച്ചു
തിരുവനന്തപുരം: നീറ്റ് പരീക്ഷ സംബന്ധിച്ച് വിദ്യാർത്ഥികൾ ഉന്നയിക്കുന്ന പരാതികൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്രസർക്കാരിന് കത്ത് നൽകി. ഹയർ എജ്യുക്കേഷൻ, ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർക്കാണ് കത്ത് നൽകിയത്. നീറ്റ് പരീക്ഷാഫലം സംബന്ധിച്ച് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതികൾ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണങ്ങൾക്ക് ആധികാരികത നൽകുന്നതാണ്. നീറ്റ് പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആക്ഷേപങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |