
കണ്ണൂർ: ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്തഫക്കെതിരെ പരാതി നൽകി കണ്ണൂർ സ്വദേശിയായ യുവതി. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെൺകുട്ടിയാണ് കണ്ണൂർ പൊലീസിൽ പരാതി നൽകിയത്. തന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കുന്ദമംഗലം കോടതി ഈ മാസം 27ന് വിധി പറയും. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക്ക് ആത്മഹത്യ ചെയ്തത്. സംഭവം നടന്ന് ആറാം ദിവസം ഷിംജിതയെ അറസ്റ്റ് ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് പ്രതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. നിലവിൽ യുവതി റിമാൻഡിലാണ്.
പയ്യന്നൂരിലെ അല്‍ അമീന്‍ എന്ന സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്നുകാട്ടി ഷിംജിത മുസ്തഫ ഇന്‍സ്റ്റഗ്രാമിലിട്ട് ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് ദീപക്ക് ജീവനൊടുക്കിയത്. സംഭവം നടന്ന സ്വകാര്യ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ ദീപക്കിന്റെയും ഷിംജിതയുടേയും ദൃശ്യം വ്യക്തമല്ല. യുവതി ഇന്‍സ്റ്റഗ്രാമിലിട്ട ദൃശ്യത്തിന്റെ പൂര്‍ണ ഭാഗം വീണ്ടെടുക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതില്‍ എഡിറ്റിംഗ് നടന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയിലാണ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |