
സ്‌നേക്ക് മാസ്റ്റർ ടീം ഇന്ന് എത്തിനിൽക്കുന്നത് തിരുവനന്തപുരം ജില്ലയിലെ കണ്ണമ്മൂലയിൽ ഫർണീച്ചർ പണികൾ നടക്കുന്ന സ്ഥലത്താണ്. പണിചെയ്യുന്നതിടയിൽ പണിക്കാരുടെ പിറകുവശത്ത് കൂടി പാമ്പ് പാഞ്ഞു വരികയായിരുന്നു. പാമ്പിനെ കണ്ടതും പണിക്കാർ ചിതറിയോടി. ഇതിനിടെ പണിസ്ഥലത്ത് ചാരിവച്ചിരുന്ന പ്ലൈവുഡ് ഷീറ്റുകൾക്കിടയിൽ പാമ്പ് ഒളിച്ചു. തുടർന്ന് വാവാ സുരേഷിനെയും സംഘത്തെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവാ സുരേഷ് പ്ലൈവുഡുകൾ മാറ്റി പാമ്പിനെ കാണുകയും ആള് ചില്ലറക്കാരനല്ല ഒരു യമണ്ടൻ മൂർഖനാണെന്ന് പറയുകയും ചെയ്തു.
നല്ല ആരോഗ്യമുള്ള പത്ത് വയസ് പ്രായമുള്ള പെൺമൂർഖനെയാണ് വാവ പ്ലൈവുഡുകൾക്കിടയിൽ നിന്നും പിടികൂടിയത്. ആറരടിയോളമാണ് നീളം. പത്ത് വയസ് പ്രായം തോന്നിക്കുന്ന അതിഥിക്ക് നല്ല ആരോഗ്യമുണ്ടെന്നും വാവ പറഞ്ഞു. 'ഈ വർഷം ഇണചേരാത്ത പാമ്പാണിത്. അതുകൊണ്ട് തന്നെ ഇത്തവണ മുട്ടയിട്ടിട്ടില്ല. എന്നാൽ അടുത്ത വർഷം ഇണചേരുകയാണെങ്കിൽ കുറഞ്ഞത് 40 മുട്ടകളെങ്കിലും ഇടാൻ പ്രാപ്തിയുള്ള ശരീരപ്രകൃതിയാണിതിന്'. അദ്ദേഹം പറയുന്നു.

വാവ തന്റെ വർഷങ്ങളായുള്ള അനുഭവപരിചയവും മുട്ട വിരിയിക്കുന്നതുമായി ബന്ധപ്പെട്ട് താൻ സൂക്ഷിക്കുന്ന രേഖകളും അടിസ്ഥാനമാക്കിയാണ് ഇത്രയും നീളമുള്ള പാമ്പിന് എത്ര മുട്ടയിടാൻ കഴിയുമെന്ന് വ്യക്തമാക്കിയത്. ചൂട് കൂടുമ്പോൾ പാമ്പുകൾ തണുപ്പും വെള്ളവും തേടി ജനവാസ മേഖലകളിലേക്ക് എത്തുന്നത് പതിവാണെന്നും വാവ പ്രേക്ഷകരോട് പറഞ്ഞു. കണ്ണമൂലയിലെ ഈ സ്ഥലത്തിന് സമീപം വലിയൊരു തോടുള്ളത് അവയ്ക്ക് വെള്ളവും ഭക്ഷണവും സുലഭമായി ലഭിക്കാൻ കാരണമാകുന്നു. എലി, തവള എന്നിവയ്ക്ക് പുറമെ പക്ഷിക്കുഞ്ഞുങ്ങളെയും മറ്റ് പാമ്പുകളെയും വരെ ഭക്ഷിക്കുന്ന സ്വഭാവം ഈ പെൺ മൂർഖനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പതിറ്റാണ്ടുകളായി ഇവിടെ പാമ്പുകളെ കണ്ടിട്ടില്ലെന്ന നാട്ടുകാരുടെ വാദത്തിന്, അടുത്ത പറമ്പിലെ തോടും സമൃദ്ധമായ ആഹാരവുമാണ് ഇത്രയും വലിയൊരു പാമ്പ് ഇവിടെ വളരാൻ കാരണമെന്നായിരുന്നു വാവയുടെ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |