
തൃശൂർ: നിപ രോഗബാധയെന്ന സംശയത്തിൽ 15 വയസുകാരിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ കുട്ടിയെ ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ചത്. പരിശോധനാ ഫലം വരുന്നതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് തുടർച്ചയായി നാല് നിപ കേസുകൾ റിപ്പോർട്ട് ചെയ്‌തുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് പറഞ്ഞത്. രോഗവ്യാപനം തടയാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
അതേസമയം, നിപ ജാഗ്രതയുടെ ഭാഗമായി കണ്ടെയ്ൻമെന്റ്‌സോണായി പ്രഖ്യാപിച്ച മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പൊലീസിനെ കബളിപ്പിച്ച് കണ്ടെയ്ൻമെന്റ്‌സോണിൽ നിന്ന് പുറത്ത് പോയി സ്ഥാപനം തുറന്ന കടയുടമയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് ഇദ്ദേഹം ചെക്ക്‌പോസ്റ്റ് കടന്ന് പോയത്.
എന്നാൽ, ആശുപത്രിയിൽ പോകാതെ ഇദ്ദേഹം മണ്ണാർക്കാട്ടെ തന്റെ സ്ഥാപനം തുറക്കാൻ പോയത് ശ്രദ്ധയിൽപെട്ട പൊലീസുകാർ കേസെടുക്കുകയായിരുന്നു. സംഭവത്തിനാസ്പദമായ വീഡിയോ ഉൾപ്പെടെ നിരീക്ഷിച്ചതിന് ശേഷമാണ് കോടതി ജാമ്യം നൽകിയത്. നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |