ഒല്ലൂർ / തൃശൂർ: സംഗീത സംവിധായകനും സംഗീത നാടക അക്കാഡി പുരസ്‌കാര ജേതാവുമായ മലപ്പുറം തേഞ്ഞിപ്പലം കോഹിനൂർ സിന്ദൂരത്തിൽ എൻ.പി. പ്രഭാകരൻ (75) അന്തരിച്ചു. ട്രെയിൻ യാത്രയ്‌ക്കിടെയുള്ള ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം. കോട്ടയം സ്വദേശിയാണ്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിട്ട. സെക്ഷൻ ഓഫീസറായിരുന്നു. കോഴിക്കോട് ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റായ പ്രഭാകരൻ നാടകം, ആൽബം, ആകാശവാണി, സിനിമ എന്നിവയ്‌ക്കായി ആയിരത്തോളം ഗാനങ്ങൾക്ക് സംഗീതം നൽകി. നാടക രചയിതാവുമായിരുന്നു. തിരുവനന്തപുരത്തുള്ള മകന്റെ വീട്ടിൽ പോകാൻ പരപ്പനങ്ങാടിയിൽ നിന്ന് തിരുവനന്തപുരം എക്‌സ്‌പ്രസിൽ കയറിയ പ്രഭാകരന് തൃശൂരിലെത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സഹയാത്രികർ വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസിന്റെ സഹായത്തോടെ ഒല്ലൂരിൽ ട്രെയിൻ നിറുത്തി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ചു കാലമായി മകനോടൊപ്പം തിരുവനന്തപുരത്താണ് താമസം. മൃതദേഹം കോട്ടയം തിരുവഞ്ചൂരിലെ തറവാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുടുംബ ശ്മശാനത്തിൽ.
സർവീസ് സംഘടനയിലും സജീവം
ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായിരുന്ന എൻ.പി. പ്രഭാകരൻ സർവീസ് സംഘടനാരംഗത്ത് സജീവമായിരുന്നു. യുവകലാസാഹിതി മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. മോയിൻകുട്ടി വൈദ്യരെക്കുറിച്ചുള്ള ലേഖനം പുസ്തകമാക്കിയിട്ടുണ്ട്. സിത്താര കൃഷ്ണകുമാറടക്കം നിരവധി പേർക്ക് സംഗീതലോകത്തേക്ക് വഴികാട്ടിയായി. പൂനിലാവ്, അളകനന്ദ, ആനപ്പാറ അച്ചാമ്മ, ഇവൾ ദ്രൗപദി, അനുയാത്ര തുടങ്ങിയ സിനിമകൾക്കും തരംഗിണിയുടെ ഓണപ്പാട്ടുകളുൾപ്പെടെ നിരവധി ആൽബങ്ങൾക്കും സംഗീതം നൽകി. ആലപിച്ചവരിൽ യേശുദാസ്, എം.ജി. ശ്രീകുമാർ, എസ്. ജാനകി, പി. സുശീല, സുജാത, ഉണ്ണിമേനോൻ, സിത്താര, മിൻമിനി തുടങ്ങിയവരുണ്ട്. ഒരേ തൂവൽ പക്ഷികൾക്ക് പശ്ചാത്തല സംഗീതമൊരുക്കി. ഭാര്യ: ഉഷാകുമാരി. മക്കൾ: അനീഷ് പ്രഭു (ബംഗളൂരു), ആനന്ദ് പ്രഭു (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം). മരുമക്കൾ: അശ്വതി (ഇറിഗേഷൻ വകുപ്പ്), രേഷ്മ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |