തിരുവനന്തപുരം: ഭൂരഹിതരായ പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് ഭൂമി വാങ്ങുന്നതിനായി നൽകുന്ന തുക ഉയർത്തുന്നത് പരിശോധിക്കുമെന്ന് മന്ത്രി ഒ.ആർ.കേളു നിയമസഭയെ അറിയിച്ചു. 3 മുതൽ 5 സെന്റ് വരെ വാങ്ങുന്നതിന് ഗ്രാമപഞ്ചായത്തിൽ 3.75 ലക്ഷവും മുനിസിപ്പാലിറ്റിയിൽ 4.5 ലക്ഷവും കോർപ്പറേഷനിൽ 6 ലക്ഷവുമാണ് അനുവദിക്കുന്നത്. ഭൂമി വിലയിൽ ഇപ്പോൾ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. അതിനാൽ സർക്കാർ നൽകുന്ന തുകയ്ക്ക് ഭൂമി ലഭിക്കാത്ത സാഹചര്യമുണ്ടെന്നും അത് വിശദമായി പരിശോധിക്കുമെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.
ലഭിച്ച ഭൂമി വിൽക്കണമെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താക്കളിൽ ചിലർ സർക്കാരിനെ സമീപിച്ചിരുന്നു. ക്യാൻസർ രോഗം പോലെയുള്ള ഗുരുതരമായ രോഗങ്ങൾമൂലം യാതൊരു നിവൃത്തിയുമില്ലാത്ത ചിലർക്ക് പ്രത്യേകാനുമതി പ്രകാരം ഭൂമി വിൽക്കാൻ അനുമതി നൽകിയിട്ടുണ്ട്.
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന ലോൺ ഡിസ്ട്രസ് റിലീഫ് ഫണ്ട് സ്കീം പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ നടപ്പാക്കുന്നത് ആലോചിക്കും. പഴയ വാഹനങ്ങൾ വാങ്ങുന്നതിനും ഭവന നിർമ്മാണത്തിന് സ്ഥലം വാങ്ങുന്നതിനും വായ്പ ലഭ്യമാക്കുന്നതിനുമുള്ള പുതിയ വായ്പാ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |