SignIn
Kerala Kaumudi Online
Thursday, 19 February 2026 4.34 AM IST

രാജ്‌ഭവന്റെ പേര് മാറുന്നു; ഇനിമുതൽ ലോക്‌ഭവൻ, കേരളത്തിൽ നാളെ പ്രഖ്യാപനമുണ്ടാകും

Increase Font Size Decrease Font Size Print Page
rajbhavan

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്‌ഭവൻ നാളെമുതൽ ലോക്ഭവനായി അറിയപ്പെടും.സ്വദേശമായ ഗോവയിലേക്കുപോയ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ നാളെ പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്. തുടർന്ന് രാജ്യത്തെ രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവർണറുടെ വസതി) ലോക്ഭവൻ, ലോക് നിവാസ് എന്നിങ്ങനെ പേരുമാറ്റണമെന്ന് നവംബർ 25ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കുകയായിരുന്നു.

സിവി ആനന്ദ ബോസ് ഗവർണറായിരിക്കുന്ന പശ്ചിമബംഗാളിലെ കൊൽക്കത്തയിലെയും ഡാർജിലിംഗിലെയും രാജ്ഭവനുകൾ ശനിയാഴ്ച തന്നെ പേരുമാറ്റിയിരുന്നു. ഭരണാധികാരിയുടെ വസതിയെന്നാണ് രാജ്‌ഭവനുകളുടെ അർത്ഥം. എന്നാൽ ലോക്‌ഭവനെന്നാൽ ജനങ്ങളുടെ വസതിയെന്നും.രാജ്ഭവനുകളെ കൂടുതൽ ജനകീയമാക്കി സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ സാന്നിദ്ധ്യം ശക്തമാക്കാനാണ് എൻഡിഎ സർക്കാരിന്റെ ലക്ഷ്യം. ബിജെപി അനുഭാവികളായ ഗവർണർമാർ ഇതിനകംതന്നെ രാജ്ഭവൻ കേന്ദ്രീകരിച്ച് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന തരത്തിലുള്ള ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്നു വിലയിരുത്തിയാണ് രാജ്ഭവൻ എന്ന പേര് മാറ്റുന്നത്.

TAGS: RAJBHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY