ആലപ്പുഴ: തകഴിയിൽ ആത്മഹത്യചെയ്ത കർഷകൻ കെ.ജി. പ്രസാദിന്റെ ഭാര്യ ഓമനയുടെ സ്വയം തൊഴിൽ വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച മന്ത്രി കെ. രാധാകൃഷ്ണൻ വാക്കുപാലിച്ചു. പ്രസാദിന്റെ വീടിന്റെ ആധാരം പട്ടിക ജാതി കോർപ്പറേഷൻ പുതിയ ജില്ലാമാനേജർ അരുൺ പ്രഭാകർ പ്രസാദിന്റെ ഭാര്യ ഓമനയ്ക്ക് കൈമാറി.
പ്രസാദിന്റെ വീടിന്റെ ജപ്തി സംബന്ധിച്ച് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ വായ്പ എഴുതിത്തള്ളുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. വായ്പ എഴുതിത്തള്ളിയ ഉത്തരവിറങ്ങും മുമ്പേ ആധാരം കൈമാറുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നിനാണ് അരുൺപ്രഭാകറും സംഘവും തകഴി കുന്നുമ്മയിലെ പ്രസാദിന്റെ വീട്ടിലെത്തിയത്.
അതേസമയം, പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസയച്ച പട്ടിക ജാതി കോർപ്പറേഷൻ ജില്ലാമാനേജർ ബോസിനെ ആലപ്പുഴയിൽ നിന്ന് കിളിമാനൂരിലേക്ക് സ്ഥലം മാറ്റി. ജപ്തി വാർത്തയ്‌ക്ക് പിന്നാലെ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടുമെന്ന് മന്ത്രി അറിയിച്ചിരുന്നു. എന്നാൽ സ്ഥലംമാറ്റത്തിന് ജപ്തിയുമായി ബന്ധമില്ലെന്നാണ് പട്ടികജാതി ക്ഷേമ കോർപ്പറേഷൻ ജില്ലാ ഓഫീസിന്റെ വിശദീകരണം.
തുണയായത് കേരള കൗമുദി
ഓമന 2022ൽ പട്ടികജാതി വികസന കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ കഴിഞ്ഞ ഫെബ്രുവരി മുതൽ കുടിശ്ശികയായിരുന്നു. 17,600 രൂപ കുടിശ്ശിക അടച്ചില്ലെങ്കിൽ വീടും അഞ്ച് സെന്റ് വസ്തുവും ജപ്തിചെയ്യുമെന്ന് കാണിച്ചാണ് കോർപ്പറേഷൻ നോട്ടീസയച്ചത്. കേരള കൗമുദിയിൽ ഇത് വാർത്തയായതോടെ മന്ത്രി ഇടപെട്ട് ജപ്തി മരവിപ്പിക്കുകയായിരുന്നു. പ്രസാദിന്റെ കുടുംബത്തിന്റെ കടബാദ്ധ്യതകൾ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയും ഏറ്രെടുത്തു. 3.70 ലക്ഷം രൂപ കുടുംബത്തിന് കൈമാറി. പിന്നാലെയാണ് മന്ത്രിയുടെ നിർദ്ദേശപ്രകാരം വായ്പ എഴുതിത്തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |