
തിരുവനന്തപുരം: ഓണം ബമ്പറടിച്ച ഭാഗ്യശാലികൾക്ക് സമ്മാനത്തുക ലഭിക്കണമെങ്കിൽ ഇനിയും കാത്തിരിക്കണം. 25 കോടിയുടെ സമ്മാനത്തിനർഹമായ ടിക്കറ്റ് തമിഴ്നാട്ടിലെ കരിഞ്ചന്തയിൽ വിറ്റതാണോ എന്ന് കണ്ടെത്താനായി ലോട്ടറി വകുപ്പ് അന്വേഷണം ആരംഭിച്ചു. ജോയ്ന്റ് ഡയറക്ടറും ഫിനാൻസ് ഓഫീസറും അടങ്ങുന്ന ഏഴംഗ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടായിരിക്കും ഒന്നാം സമ്മാനത്തിന് അർഹരായവരുടെ രാശി നിർണയിക്കുക.
ഇത്തവണത്തെ ഓണം ബമ്പറടിച്ചത് തമിഴ്നാട് സ്വദേശിയായ പാണ്ഡ്യരാജിനും മറ്റ് മൂന്ന് സുഹൃത്തുക്കളാണ്. വാളയാറിലെത്തിയാണ് ടിക്കറ്റ് വാങ്ങിയതെന്നാണ് സമ്മാനർഹനായ പാണ്ഡ്യരാജ് അറിയിച്ചത്. എന്നാൽ ഫലപ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾക്കകം കേരളത്തിൽ നിന്ന് വാങ്ങി, തമിഴ്നാട്ടിലെ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നും പണം കൈമാറരുതെന്നും ആരോപിച്ച് തമിഴ്നാട് സ്വദേശി പരാതി നൽകിയിരുന്നു. തുടർന്നാണ് ലോട്ടറി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. കേരള ലോട്ടറി മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ പാടില്ല എന്നാണ് ചട്ടം. അതിനാൽ ഇതരസംസ്ഥാനക്കാർക്ക് ലോട്ടറിയടിച്ചാൽ പ്രത്യേക സമിതി അന്വേഷണം നടത്തുക പതിവാണ്. ഇത്തവണ പരാതികൂടി ലഭിച്ച സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കും. സമ്മാനാർഹൻ കേരളത്തിൽ വരാനുള്ള കാരണങ്ങൾ പരിശോധിക്കുകയും ലോട്ടറി എടുത്ത ഏജൻസിയിൽ അന്വേഷണം നടത്തുകയും ചെയ്യും.
അതേസമയം പാലക്കാട് ബാവ സെന്ററിൽ നിന്ന് വാങ്ങിയ ഓണം ബമ്പർ തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജ്, കുപ്പുസാമി, രാമസ്വാമി എന്നീ സുഹൃത്തുക്കൾ തലസ്ഥാനത്തെത്തി ലോട്ടറി വകുപ്പിന് കൈമാറിയിരുന്നു. ചിത്രങ്ങളോ മറ്റ് വിശദാംശങ്ങളോട് പങ്കുവയ്ക്കരുതെന്ന് അധികൃതരോട് വിജയികൾ അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് ലോട്ടറി കൈമാറുന്നവരുടെ കൈകളുടെ ചിത്രമാണ് ലോട്ടറി വകുപ്പ് വെബ്സൈറ്റിൽ പങ്കുവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |