കൊല്ലം: ലോകത്ത് എവിടെയിരുന്നും ഓൺലൈനായി പഠിക്കാവുന്ന ഗ്ലോബൽ യൂണിവേഴ്സിറ്റിയായി വളരുകയെന്ന സ്വപ്നവുമായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. 140.40 കോടി വരവും 152.17 കോടി ചെലവും 11.77 കോടി കമ്മിയും പ്രതീക്ഷിക്കുന്ന 2025-26 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് സിൻഡിക്കേറ്റ് അംഗവും ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ. ബിജു കെ.മാത്യു അവതരിപ്പിച്ചു. വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി. ജഗതി രാജ് അദ്ധ്യക്ഷത വഹിച്ചു.
യൂണിവേഴ്സിറ്റിയിലെ ആദ്യ പി.ജി ബാച്ച് കോഴ്സ് പൂർത്തിയാക്കി. ഈ സാഹചര്യത്തിൽ ഓഫ് കാമ്പസ് എന്ന നിബന്ധന മാറ്റി ഓൺലൈനായി ക്ലാസ് നടത്താനുള്ള അനുമതി യു.ജി.സി നൽകുമെന്നാണ് പ്രതീക്ഷ. ഈ വർഷം പ്രത്യേക ഗവേഷണ സെൽ ആരംഭിക്കും. ആസ്ഥാനമന്ദിര നിർമ്മാണത്തിനായി 26.01 കോടി രൂപ വകയിരുത്തി. ഇ -ഓഫീസ് സംവിധാനം യാഥാർത്ഥ്യമാക്കാൻ 35 ലക്ഷം രൂപ നീക്കിവച്ചു. സാന്ത്വന പരിചരണം, വയോജന പരിപാലനം, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവയിൽ പുതിയ കോഴ്സ് ആരംഭിക്കും. ഹൈദരാബാദ് ഐ.ഐ.ടി പോലെയുള്ള ദേശീയ സ്ഥാപനങ്ങളുമായി ചേർന്ന് ഹ്രസ്വകാല കോഴ്സുകളും ആരംഭിക്കും.
90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർക്ക് 2 വർഷത്തിനകം തൊഴിൽ കണ്ടെത്താനുള്ള കൗൺസലിംഗ് നൽകും. അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ജോബ് ഫെയർ സംഘടിപ്പിക്കാൻ 5 ലക്ഷം വകയിരുത്തി.
ട്യൂഷൻ ടീച്ചറെപ്പോലെ മെന്റർ
ആദ്യ സെമസ്റ്ററുകളിൽ 45 ശതമാനത്തിൽ താഴെ മാർക്കുള്ള ബി.പി.എൽ വിഭാഗത്തിലെ തൊഴിൽ രഹിതരായ പഠിതാക്കൾക്ക് ഒരു മെന്ററുടെ സഹായത്തോടെ ഓൺലൈനായോ നേരിട്ടോ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ഫ്ലൈ ഹൈ പദ്ധതി ആരംഭിക്കും. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി.
.....................
ബഡ്ജറ്റിലെ മറ്റ് നിർദ്ദേശങ്ങൾ
12 പഠനകേന്ദ്രങ്ങൾ കൂടി ഈ അദ്ധ്യയന വർഷം
പഠിതാക്കളുമായുളള ആശയവിനിമയം ശക്തമാക്കാൻ എ.ഐ ചാറ്റ്ബോട്ട്
പുതുതായി സ്കൂൾ ഒഫ് വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ്
സ്വന്തം അച്ചടിശാല ആരംഭിക്കാൻ 3 കോടി
സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് കോഴ്സ്
എക്സാം ഓൺ ഡിമാൻഡ് ഈ വർഷം
വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് 55 ലക്ഷം
തുറമുഖ അധിഷ്ഠിത കോഴ്സുകൾ ആരംഭിക്കും
എല്ലാ പഠന സാമഗ്രികളും ബ്രെയ്ലി ഭാഷയിൽ അച്ചടിക്കും
എറണാകുളം, പട്ടാമ്പി, കോഴിക്കോട്, തലശ്ശേരി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ റീജിയണൽ സെന്റുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |