തിരുവല്ല: എ.ഐ.ജി വിനോദ് കുമാറിന്റെ സ്വകാര്യവാഹനമിടിച്ച് പരിക്കേറ്റ അന്യസംസ്ഥാന ഹോട്ടൽ തൊഴിലാളിയെ പ്രതിയാക്കി കേസെടുത്ത് നിയമത്തെ അട്ടിമറിച്ച പൊലീസ് ഒടുവിൽ തിരുത്തി. വാഹനം ഓടിച്ചിരുന്ന പൊലീസ് ഡ്രൈവർ എ.കെ. അനന്തുവിനെതിരെ കേസെടുത്തു.
ആഗസ്റ്റ് 30ന് രാത്രി 10.50ന് എം.സി റോഡിൽ കുറ്റൂരിലായിരുന്നു വിനോദ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ എ.ഐ.ജി ആയിരുന്നതിനാലും വിവാദം ഒഴിവാക്കാനും ഡ്രൈവറുടെ വൈദ്യപരിശോധന നടത്തിയില്ല.
പൊലീസ് ഡ്രൈവറുടെ മൊഴി പ്രകാരമായിരുന്നു പരിക്കേറ്റ ആൾക്കെതിരെ കേസെടുത്തത് . തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് വന്ന എ.ഐ.ജി സഞ്ചരിച്ച മഹീന്ദ്ര എക്‌സ് യു.വി 700 നമ്പരിലുള്ള വാഹനത്തിന് കുറുകെ അന്യസംസ്ഥാന തൊഴിലാളി ചാടിയെന്നും വണ്ടിതട്ടി തലയിലും മുഖത്തും തോളത്തും മുറിവു പറ്റിയെന്നുമായിരുന്നു എഫ്.ഐ.ആർ. യഥാർത്ഥത്തിൽ തൊഴിലാളിയെ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു.
സാരമായി പരിക്കേറ്റ തൊഴിലാളി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ മൊഴിയെടുത്തിരുന്നില്ല. എ.ഐ.ജിയുടെ കാറിന് വന്ന കേടുപാടുകൾ വിവരിച്ച എഫ്.ഐ.ആറിൽ തിരുത്തൽ വരുത്താനും നീക്കം തുടങ്ങി. ജില്ലാ പൊലീസ് ചീഫ് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |