മോഷ്ടിച്ചത് ഉപേക്ഷിച്ചതാണോയെന്നും സംശയം.
തിരുവനന്തപുരം :ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ 13പവന്റെ സ്വർണ
ദണ്ഡ് നിലത്തെ മണ്ണിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. സ്ട്രോംഗ് റൂമിൽ നിന്ന് 30മീറ്റർ അകലെ വടക്കേ നടയ്ക്ക് സമീപത്ത് നിന്നാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ സ്വർണം ലഭിച്ചത്. മോഷ്ടിച്ച ശേഷം പിടിക്കപ്പെടുമെന്നായപ്പോൾ മണ്ണിൽ കൊണ്ടിട്ടതാണോയെന്ന് സംശിക്കുന്നതായി ഡി.സി.പി നകുൽ രാജേന്ദ്ര ദേശ്‌മുഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാലേ ഇക്കാര്യം വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിട്ടിയ സ്വർണം ക്ഷേത്രം അധികൃതർ പരിശോധിച്ച് ഉറപ്പിച്ച് സ്ട്രോംഗ് റൂമിലേക്ക് മാറ്റി.
വടക്കേ നടയ്ക്ക് അകത്ത് നവീകരണജോലികൾ നടത്തുന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് സ്വർണ്ണം കണ്ടത്. സ്വർണ്ണം സൂക്ഷിക്കുന്ന സുരക്ഷാ മുറിക്കും അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്തിലും ഇടയിലായാണ് ദണ്ഡ് കിടന്നത്.ശ്രീകോവിലിനു മുന്നിലെ വാതിലിൽ പഴയ സ്വർണത്തകിട് മാറ്റി പുതിയത് പൊതിയുന്ന ജോലികൾ നടക്കുകയാണ്. ബുധനാഴ്ച തത്കാലത്തേക്ക് നിറുത്തിവച്ച ജോലി ശനിയാഴ്ച പുനരാരംഭിച്ചപ്പോഴാണ് സ്വർണ ദണ്ഡുകളിലൊന്ന് കാണാനില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെ ഉപയോഗിച്ചുള്ള വിശദമായ പരിശോധനയും ചോദ്യം ചെയ്യലും നടക്കുന്നതിനിടെയാണ് മണ്ണിൽ നിന്ന് സ്വർണം കിട്ടിയത്. നേരത്തെയും ഇതേ സ്ഥലത്ത് പരിശോധന നടന്നിരുന്നു.
ബുധനാഴ്ച വൈകിട്ട് നാലരയോടെ തുണിസഞ്ചിയിൽ പൊതിഞ്ഞാണ് ഇത് സ്ട്രോംഗ് റൂമിലേക്ക് മാറ്റിയത്. എന്നാൽ സഞ്ചിയിലെ മറ്റു സാധനങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. ഇത് മാത്രം എങ്ങനെ മണ്ണിൽ പോയെന്നതിന് ക്ഷേത്രം അധികൃതരും പൊലീസിന് വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം. സ്വർണ്ണത്തകിടുകൾ വിളക്കിച്ചേർക്കാൻ ഉപയോഗിക്കുന്ന കാഡ്മിയം ചേർത്ത സ്വർണ്ണ ദണ്ഡാണിത്.
സി.സി.ടി.വി ദൃശ്യങ്ങളിൽ സ്വർണ്ണം തിരികെ വയ്ക്കാനായി പോകുന്നത് കാണാം. ക്ഷേത്ര ജീവനക്കാരും പൊലീസും അടങ്ങുന്ന സംഘമാണ് സ്വർണ്ണം സുരക്ഷാമുറിയിലേക്കും തിരിച്ചും മാറ്റുന്നത്.സ്വർണ്ണം നഷ്ടമായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡി.സി.പി പറഞ്ഞു.അബദ്ധത്തിൽ സ്വർണ ദണ്ഡ് മണ്ണിൽ വീണതാണെങ്കിൽ ആരുടെ കൈയ്യിൽ നിന്നാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടിയിലേക്ക് നീളില്ലെന്നാണ് ആക്ഷേപം. മുൻകാലങ്ങളിലും ഇത്തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അന്ന് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ഒരു വിഭാഗം അധികൃതർ സ്വീകരിച്ചെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |