പാലക്കാട്: കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താൻ സി.സി. ടി.വി ദൃശ്യങ്ങൾ സി.പിഎം പുറത്തുവിട്ടു. നീല ട്രോളി ബാഗുമായി കെ.എസ്.യു പ്രവർത്തകൻ ഫെനി നൈനാൻ ഹോട്ടലിലേക്ക് പോകുന്നതും മുറിയിലേക്ക് കയറുന്നതും ദൃശ്യങ്ങളിലുണ്ട്. എട്ടു മിനിറ്റിലധികം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാത്രി 10.11 മുതൽ രാത്രി 11.30 വരെയുള്ള ദൃശ്യങ്ങളുടെ പല ഭാഗങ്ങളാണിവ. ഷാഫി പറമ്പിൽ, വി.കെ.ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിലേക്ക് കയറുന്നതും വരാന്തയിൽനിന്ന് സംസാരിക്കുന്നതും കാണാം.
രാഹുൽ കോൺഫറൻസ് ഹാളിലേക്ക് കയറുന്നതും ഫെനി നൈനാൻ കോറിഡോറിലേക്ക് വരുന്നതും കാണാം. എന്നാൽ ഫെനിയുടെ കൈയിൽ അപ്പോൾ പെട്ടി ഇല്ല. 10.47മുതലുള്ള ദൃശ്യങ്ങളിൽ രാഹുലിന്റെ അനുയായി കോൺഫറൻസ് ഹാളിൽ നിന്ന് രാഹുലിനെയും കൂട്ടി മുറിയിലേക്ക് പോകുന്നുണ്ട്. രാഹുൽ കോൺഫറൻസ് ഹാളിലേക്ക് തിരിച്ചുവരുന്നതും ഫെനി നൈനാൻ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
രാത്രി 10.54ന് ഫെനി നൈനാൻ ട്രോളി ബാഗുമായി തിരിച്ച് കോൺഫറൻസ് റൂമിൽ കയറുന്നു. രാഹുൽ പുറത്തേക്ക് പോകുന്നു. കോൺഫറൻസ് ഹാളിൽ നിന്ന് പെട്ടി ഫെനി നൈനാൻ തിരിച്ചു കൊണ്ടുപോകുന്നു. പെട്ടി വാഹനത്തിൽ വെച്ചശേഷം ഫെനി തിരികെ മുറിയിലേക്ക് വരുന്നു. ശേഷം ഫെനി നൈനാൻ രാഹുൽ നേരത്തെ കയറിയ റൂമിലേക്ക് കയറുന്നു. മറ്റൊരു കനമുള്ള ബാഗുമായി ഫെനിയും രാഹുലിന്റെ അനുയായിയും പുറത്തേക്ക് പോകുന്നു.
കോൺഗ്രസുകാർ തന്ന
വിവരം: സരിൻ
കോൺഗ്രസിനുള്ളിൽ നിന്നുതന്നെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയതെന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.പി. സരിൻ പ്രതികരിച്ചു. ഷാഫി പറമ്പിലിന്റെ മോഡസ് ഓപ്പറാണ്ടിയിൽ ഷാഫി തന്നെ പൊലീസിന് വിവരം നൽകിയതാവാം. ഇതെല്ലാം സമഗ്രമായി അന്വേഷിക്കപ്പെടണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ജില്ലാ ഭരണകൂടവും ക്രമസമാധാന പാലനവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കീഴിലാണെന്നും സരിൻ പറഞ്ഞു.
പരിശോധന സ്വാഭാവിക
നടപടി: മന്ത്രി രാജേഷ്
പാലക്കാട് ഹോട്ടലിൽ നടന്ന പരിശോധനയെ കോൺഗ്രസ് വളച്ചൊടിക്കുകയാണെന്ന് മന്ത്രി എം.ബി.രാജേഷ്.ആളെക്കൂട്ടി സംഘർഷം സൃഷ്ടിച്ച് രണ്ട് എം.പിമാരുടെ നേതൃത്വത്തിൽ പരിശോധന അട്ടിമറിക്കുകയാണ് ചെയ്തതെന്നും മന്ത്രി ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പരിശോധനകൾ സ്വാഭാവിക നടപടിയാണ്. പൊലീസ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ മുറിയിലും പരിശോധന നടത്തി. സി.പി.എം സംസ്ഥാന കമ്മറ്റിയംഗം ടി.വി.രാജേഷിന്റെ മുറിയാണ് ആദ്യം പരിശോധിച്ചത്. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ നികേഷ് കുമാറിന്റെ മുറിയും പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |