തൃശൂർ: ആഗോളതാപനത്തെത്തുടർന്നുള്ള കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കേണ്ടത് ഇന്ത്യയിൽ ഉൾപ്പെടെയുള്ള ദരിദ്രജനതയുടെ വികസനം തടസപ്പെടുത്തിക്കൊണ്ടാകരുതെന്ന് ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പ്രൊഫ. ഡോ. തേജൽ കനിത്കർ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചെറു ന്യൂനപക്ഷം ഊർജ ധൂർത്തുമായി മുന്നോട്ടുപോകുകയും ഭൂരിപക്ഷം വരുന്ന ജനത ദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്നത് പ്രതിഷേധാർഹമാണെന്നും അവർ പറഞ്ഞു.
പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ജോജി കൂട്ടുമ്മൽ, പി.പ്രദോഷ്, എൽ.ഷൈലജ, എം.സുജിത്, അഡ്വ. കെ.പി.രവിപ്രകാശ് , ഡോ. സഫറുള്ള, ചൗധരി, ഡോ. ബി.ഇക്ബാൽ എന്നിവർ സംസാരിച്ചു.
എം.സി.നമ്പൂതിരിപ്പാട് സ്മാരകപുരസ്കാരം ഡോ. ഡാലി ഡേവിസ്, ഡോ. വൈശാഖൻ തമ്പി എന്നിവർക്ക് ഡോ. എം.പി.പരമേശ്വരൻ നൽകി. ഡോ. വൈശാഖൻ തമ്പി രചിച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച 'കാലാവസ്ഥ: ഭൗതികവും ഭൗമികവും" എന്ന പുസ്തകം ഡോ. തേജൽ കനിത്കർ ഡോ. ഡാലി ഡേവീസിന് നൽകി പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |