തിരുവനന്തപുരം: പ്രതിരോധ സേനകളിലെ പെൻഷൻകാരുടെ പ്രശ്നങ്ങൾ ഒരു മണിക്കൂറിനകം പരിഹരിക്കാൻ സംവിധാനമൊരുക്കിയതായി കൺട്രോളർ ഒഫ് ഡിഫൻസ് അക്കൗണ്ട്സ് ടി.ജയശീലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കന്യാകുമാരി ജില്ലകളിലുള്ള പെൻഷൻകാർക്കായി ഇന്ന് പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ആഡിറ്റോറിയത്തിൽ സ്പർഷ് ഔട്ട്‌റീച്ച് പ്രോഗ്രാം നടത്തും. ഗവർണർ ആർ.വി.ആർലേക്കർ മുഖ്യാതിഥിയാവും. ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ജനറൽ രാജ്കുമാർ അറോറയും പങ്കെടുക്കും.
പെൻഷൻ ലഭിക്കാത്തത്, കുറയുന്നത് അടക്കമുള്ള പ്രശ്നങ്ങൾ ഉടനടി പരിഹരിക്കും. കുറവുള്ള തുക ഉടൻ ബാങ്ക് അക്കൗണ്ടിലെത്തും. ജനന തീയതി അടക്കം രേഖകളിലെ അപാകതകൾ പരിഹരിക്കാനും സംവിധാനമുണ്ടാവും. കുടുംബ പെൻഷൻകാരുടെ പ്രശ്നങ്ങൾ ഒരു മണിക്കൂറിനകം പരിഹരിക്കും. വൺ റാങ്ക് വൺ പെൻഷൻ സംബന്ധിച്ച പരാതികൾ മുൻഗണനാക്രമത്തിൽ പരിഗണിച്ച് പരിഹാരമുണ്ടാക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരും പങ്കെടുത്തും. നവംബർ, ഡിസംബർ മാസങ്ങളിൽ കൊച്ചിയിൽ സമാനമായ രണ്ട് പരിപാടികൾ നടത്തും. 80വയസിലേറെ പ്രായമുള്ളവർക്ക് മുൻഗണനാ കൗണ്ടറുണ്ടാവും. രാവിലെ 9മുതൽ രജിസ്ട്രേഷൻ നടത്താം.
കര, നാവിക, വ്യോമ സേനകളിലെ സേവനത്തിനു ശേഷം സംസ്ഥാന സർക്കാരിലോ ബാങ്കുകളിലോ പ്രവർത്തിച്ചവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ രണ്ടു പെൻഷന് അർഹതയുണ്ട്. ഒറ്റ പെൻഷൻ മാത്രമാക്കി നേരത്തേ ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്തിട്ടുണ്ട്. അവിവാഹിതരായ പെൺമക്കൾക്ക് 25വയസു വരെയേ കുടുംബ പെൻഷൻ ലഭിക്കൂവെന്ന വ്യവസ്ഥ ഒഴിവാക്കി ജീവിതകാലം മുഴുവനാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ ആൺമക്കൾക്കും ജീവിതകാലം മുഴുവൻ കുടുംബ പെൻഷൻ ലഭിക്കും.
മലപ്പുറം, ഇടുക്കിയൊഴികെയുള്ള ജില്ലകളിൽ പെൻഷൻകാർക്കായി സേവന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. രണ്ടെണ്ണം കൂടി ആരംഭിക്കുന്നതോടെ എല്ലാ ജില്ലകളിലും സേവനകേന്ദ്രങ്ങളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും ജയശീലൻ പറഞ്ഞു. പ്രതിരോധ വക്താവ് ബിജു. കെ. മാത്യുവും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |