
കൊച്ചി: യു.എ.ഇയിൽ ഒളിവിൽ കഴിഞ്ഞശേഷം നാട്ടിലെത്തിയ പോപ്പുലർ ഫ്രണ്ട് നേതാവ് മലപ്പുറം വളാഞ്ചേരി കാട്ടിപ്പരുത്തി പുല്ലാനിക്കൽ വീട്ടിൽ മൊയ്‌തീൻകുട്ടിയെ (52) കൊച്ചി വിമാനത്താവളത്തിൽ നിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്‌തു. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ കായിക, ആയുധ പരിശീലകനായിരുന്ന ഇയാൾ 2022ൽ കേസെടുത്തതോടെ ഒളിവിൽ പോവുകയായിരുന്നു.
എൻ.ഐ.എ ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിരവധി രേഖകളും മറ്റും പിടിച്ചെടുത്തിരുന്നു. പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലുൾപ്പെടെ പങ്കാളിയാണ്. യുവാക്കളിൽ തീവ്രവാദ മനോഭാവം വളർത്താനും സാമുദായിക സംഘർഷം സൃഷ്‌ടിക്കാനും പോപ്പുലർ ഫ്രണ്ട് നടത്തിയ ഗൂഢാലോചനകളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് എൻ.ഐ.എ അറിയിച്ചു.
നേതാക്കൾക്കും അണികൾക്കും ആയുധപരിശീലനവും നൽകിയിട്ടുണ്ട്. 2047ൽ ഇസ്ലാമികഭരണം എന്ന ലക്ഷ്യത്തിനുള്ള പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുകയും ചെയ്‌തിട്ടുണ്ട്. ആക്രമവും ജിഹാദും രാജ്യത്ത് നടപ്പാക്കാൻ ശ്രമിച്ചതിലും പങ്കുണ്ട്. എൻ.ഐ.എ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |