തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സുകൾക്ക് പിന്നാലെ എല്ലാ ബിരുദാനന്തര ബിരുദ കോഴ്സുകളും പരിഷ്കരിക്കാൻ ഉന്നതവിദ്യാഭ്യാസവകുപ്പ്. പരമ്പരാഗത ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾ പുതിയ തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ രീതിയിൽ പരിഷ്കരിക്കും. പരമ്പരാഗത കോഴ്സുകൾ തൊഴിൽ നൈപുണ്യം ഉറപ്പു വരുത്തുന്ന രീതിയിൽ അടിയന്തരമായി ആധുനികവത്കരിക്കും. ഓരോ ക്യാമ്പസിന്റെയും സവിശേഷത തിരിച്ചറിഞ്ഞ് കോഴ്സ് രൂപകൽപന ചെയ്യുന്നതിൽ കോളേജുകൾക്കും അദ്ധ്യാപകർക്കും കൂടുതൽ സ്വാതന്ത്ര്യം നൽകും. ടീച്ചർ എജ്യുക്കേഷൻ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ബി.എഡ് അടക്കമുള്ള കോഴ്സുകൾ പരിഷ്കരിക്കും.
വിദ്യാർത്ഥികൾക്ക് വേഗത്തിൽ സേവനങ്ങൾ ഉറപ്പു വരുത്തുന്നതിന് സർവകലാശാല നിയമങ്ങളിലും ചട്ടങ്ങളിലും സമഗ്രമായ പരിഷ്കരണം വരുത്തും. ഇതിനായി കെ-റീപ്പ് സോഫ്‌റ്റ്‌വെയർ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർത്ഥി പ്രവേശനം മുതൽ കോഴ്സ് തിരഞ്ഞെടുക്കൽ, പരീക്ഷാ വിവരങ്ങൾ, സർവകലാശാലാ / കോളേജ് മാറ്റം, മാർക്ക് വിവരങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സമഗ്ര സോഫ്റ്റ്‌വെയറാണ് കെ-റീപ്പ്. സർവകലാശാലകളിൽ സേവനാവകാശ നിയമം നടപ്പാക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടുത്തഘട്ട പരിഷ്കരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ആഗസ്റ്റിൽ അന്താരാഷ്ട്ര കോൺക്ലേവ് നടത്തും.
കാര്യവട്ടം ക്യാമ്പസിൽ 16 ബിരുദ കോഴ്സ് തുടങ്ങി
തിരുവനന്തപുരം: കേരള സർവകലാശാലാ കാര്യവട്ടം ക്യാമ്പസിൽ പതിനാറ് പ്രോഗ്രാമുകളിലായി നാലുവർഷ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദ കോഴ്സുകൾ ആരംഭിച്ചു. കാര്യവട്ടം ക്യാമ്പസ്സിലെ ഇ.എം.എസ് ഹാളിൽ സംഘടിപ്പിച്ച ഇൻഡക്ഷൻ പ്രോഗ്രാമിൽ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടർ ഹരികിഷോർ സംസാരിച്ചു. നാലു വർഷ ബിരുദ വിദ്യാർത്ഥികളെ കാമ്പസിലെ എം.എ/എം.എസ് സി വിദ്യാർത്ഥികൾ റോസാപ്പൂവ് നല്കി സ്വീകരിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ജി.മുരളീധരൻ, ആർ.രാജേഷ്, പ്രൊഫ.കെ.ജി. ഗോപ്ചന്ദ്രൻ, മുൻ സിൻഡിക്കേറ്റ് അംഗവും സെനറ്റ് മെമ്പറുമായ ഡോ. എസ്. നസീബ്, രജിസ്ട്രാർ പ്രൊഫ.കെ.എസ്. അനിൽകുമാർ, സെന്റർ ഡയറക്ടർ പ്രൊഫ. സാം സോളമൻ എന്നിവർ പ്രസംഗിച്ചു.
സിൻഡിക്കേറ്റ് അംഗം പ്രൊഫ. പി.എം.രാധാമണി, ഐ.ക്യു എ.സി ഡയറക്ടർ പ്രൊഫ. ഇ. ഷാജി, ക്യാമ്പസ് ഡയറക്ടർ പ്രൊഫ. സി.എ. ജോസുകുട്ടി, സി.എസ്.എസ് വൈസ് ചെയർമാൻ പ്രൊഫ.ആർ.ജയചന്ദ്രൻ, റിസർച്ച് ഡയറക്ടർ പ്രൊഫ.ആർ.ബി. ബിനോജ് കുമാർ, പബ്ലിക്കേഷൻ ഡയറക്ടർ ഡോ.ടി.കെ.സന്തോഷ് കുമാർ,സർവകലാശാല ഡീൻമാർ,വിവിധ വകുപ്പു മേധാവികൾ,പ്രൊഫസർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ന് രാവിലെ 10ന് എഴുത്തുകാരി ഡോ. ഖദീജാ മുംതാസ് വിദ്യാർത്ഥികളോട് സംവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |