SignIn
Kerala Kaumudi Online
Thursday, 19 February 2026 4.24 AM IST

'തൃശ്ശൂരിൽ ബിജെപിയെ പിന്തുണച്ചവർ ഇനിയെങ്കിലും ചിന്തിക്കണം';  നാല്  വോട്ട്  ഇങ്ങ്  പോരട്ടെ   എന്നതല്ല  ഇടത്  നിലപാടെന്ന് മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
pinarayi-vijayan

കോഴിക്കോട്: തൃശ്ശൂരിൽ ബിജെപിയെ പിന്തുണച്ചവർ ഇനിയെങ്കിലും ചെയ്തത് ശരിയാണോയെന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് നടന്ന പരിപാടിയിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കേരളത്തിൽ ബിജെപി സീറ്റ് നേടിയത് ഗൗരവത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ബിജെപിയെ പിന്തുണച്ചവരോട് ശത്രുതയില്ല. എന്നാൽ അവർ കൃത്യമായ നിലപാട് സ്വീകരിക്കണം. നാടിന്റെ സംസ്കാരത്തിന് ചേർന്നതല്ല ഈ നിലപാട്. മുസ്ലീം ലീഗിന്റെ മുഖം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. അത് ജമാ-അത്തെ ഇസ്ലാമിയുടേതും എസ്‌ഡിപിഐയുടെയും മുഖമായി മാറുന്നു. എന്താണ് എസ്‌ഡിപിഐ എന്താണ് ജമാ-അത്തെ ഇസ്ലാമിയെന്ന് അറിയാത്തവരല്ല കോൺഗ്രസ്. വോട്ടിന് വേണ്ടി കൂട്ടുകൂട്ടാൻ പറ്റാത്തവരുമായി കൂട്ടുകൂടുന്നവരായി ലീഗ് മാറി. മുസ്ലീം ലീഗ് വാശിയോടെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.

വിജയത്തിൽ യുഡിഎഫിന് ആഹ്ലാദിക്കാൻ വകയില്ല. വലതുപക്ഷം വ്യത്യസ്ത ചേരികളിൽ ഏറ്റുമുട്ടുന്ന സ്ഥിതിയാണ് കേരളത്തിന് പുറത്ത്. എന്നാൽ അവരെല്ലാം കേരളത്തിൽ ഒന്നിക്കുന്നു. കേരളത്തിൽ എന്തെങ്കിലും പ്രത്യേകതരം വികാരമില്ല. കേരളത്തിന്റെ ഇടതുപക്ഷത്തിന്റെ ജനസ്വാധീനം നഷ്ടപ്പെടുത്താനാണ് വലതുപക്ഷത്തിന്റെ ശ്രമം. നാല് വോട്ട് ഇങ്ങ് പോരട്ടെ എന്നതല്ല ഇടത് നിലപാട്. നാടിന്റെ ക്ഷേമമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം', മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയെന്നും മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത പ്രശ്നം ഇവിടെ സൃഷ്ടിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ തകരാറിലാക്കാൻ ശ്രമിക്കുന്ന ബിജെപിയെ തടയാൻ സംസ്ഥാനങ്ങളുടെ പ്രത്യേകത വച്ച് കൂട്ടായ്മ ശക്തിപ്പെടണം എന്നായിരുന്നു എൽഎഡിഎഫ് തിരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY