തിരുവനന്തപുരം: നാടിന്റെ പൊതു പ്രശ്നങ്ങളിൽ,വിശേഷിച്ച് സ്ത്രീ വിഷയങ്ങളിൽ
നിയമസഭയ്ക്ക് അകത്തും,പുറത്തും പാർലമെന്റിലും നടത്തിയ പോരാട്ടങ്ങളാണ്
പി.കെ.ശ്രീമതിയെന്ന കണ്ണൂരുകാരിയെ ജനകീയ നേതാവായി വളർത്തിയത്.25 വർഷങ്ങൾക്കു ശേഷം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ
തലപ്പത്തെത്തുന്ന മലയാളിയെന്ന ബഹുമതി പി.കെ.ശ്രീമതിക്ക് അർഹതയ്ക്കുള്ള
അംഗീകാരം.
ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് പ്രസിഡന്റ് പദവിയിലേക്ക് 73കാരിയായ പി.കെ ശ്രീമതി തിരഞ്ഞെടുക്കപ്പെട്ടത്. മുത്തങ്ങയിലെ ആദിവാസികൾക്ക് നീതി നേടിക്കൊടുക്കുന്നതിന് പി.കെ ശ്രീമതി നടത്തിയ
12 ദിവസം നീണ്ടു നിന്ന നിരാഹാരം സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ ഇടം നേടിയതാണ്.
കണ്ണൂർ ജില്ലാ കൗൺസിലിലെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് എന്നീ നിലകളിൽ മികച്ച പ്രകടനം കാഴ്ച വച്ചു. 2001ൽ പയ്യന്നൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി നിയമസഭയിലെത്തി. 2006ൽ വീണ്ടും വിജയിച്ച് ആരോഗ്യ- കുടുംബക്ഷേമ മന്ത്രിയായി. 10 വർഷത്തെ നിയമസഭാ പ്രവർത്തനത്തിൽ രാഷ്ട്രീയ എതിരാളികളുടെയടക്കം പ്രശംസ പിടിച്ചുപറ്റി. 2014 മുതൽ 2019 വരെ കണ്ണൂരിൽ നിന്ന് ലോക്സഭാംഗവുമായി.
യുഡിഎഫ് ഭരണകാലഘട്ടങ്ങളിൽ നടമാടിയ സ്ത്രീപീഡന– പെൺവാണിഭക്കേസുകൾ ജനശ്രദ്ധയിൽ കൊണ്ടുവവരുന്നതിൽ വലിയ പങ്കു വഹിച്ചു. ആരോഗ്യ മന്ത്രിയെന്ന നിലയിൽ നിർധന രോഗികളുടെ കണ്ണീരൊപ്പാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. പകർച്ചവ്യാധികൾ തടയാൻ കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തി.
ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ശ്രീമതി അദ്ധ്യാപകസംഘടനാ രംഗത്തും സജീവമായിരുന്നു. 1997ൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായും, പിന്നീട് കേന്ദ്ര കമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂർ നെരുവമ്പ്രം യുപി സ്‌കൂൾ അദ്ധ്യാപികയായിരുന്ന ശ്രീമതി 2003ൽ സ്വയം വിരമിക്കുമ്പോൾ പ്രധാനാദ്ധ്യാപികയായിരുന്നു. കണ്ണൂർ കയരളത്തെ കേളപ്പൻ നമ്പ്യാരുടെയും പി കെ മീനാക്ഷിയുടെയും മകളാണ്. പി ദാമോദരൻ നമ്പ്യാരാണ് ഭർത്താവ്. മകൻ: പി കെ സുധീർ. മരുമകൾ: ധന്യ. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര സഹോദരിയാണ്. 'കേരളത്തെ നയിച്ച വനിതാ പേരാളികൾ'ഉൾപ്പെടെ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.
'എന്നിൽ ഏല്പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്വമാണെന്നറിയാം. സ്ത്രീകളുടെ തുല്യത ഉറപ്പാക്കുന്നതിനും,അനീതികൾക്കെതിരെയും മുൻനിരയിൽ നിന്ന് പോരാടും.'
-പി.കെ ശ്രീമതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |