തൃശൂർ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വ്യാജവോട്ട് നടന്നെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ സ്വദേശിയും ക്യാപിറ്റൽ വില്ലേജ് എന്ന ഫ്ലാറ്റിലെ താമസക്കാരിയുമായ പ്രസന്നയാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. തന്റെ മേൽവിലാസത്തിൽ ഒമ്പത് കളളവോട്ടുകൾ നടന്നെന്നാണ് അവർ ആരോപിക്കുന്നത്.
'വാടക എഗ്രിമെന്റ് വാങ്ങിക്കൊണ്ടുപോയാണ് വോട്ട് ചേർത്തിരിക്കുന്നത്. വോട്ടെടുപ്പിനുശേഷം ജില്ലാ കളക്ടർക്ക് പരാതി കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അജയകുമാർ, അയ്യപ്പൻ, സന്തോഷ് കുമാർ എസ്, സജിത് ബാബു എന്നീ പേരുകളിലും ആരൊക്കെയോ വോട്ടുകൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാലു വർഷമായി താമസിക്കുകയാണ്'- പ്രസന്ന മാദ്ധ്യമങ്ങളോട് പറഞ്ഞു. വോട്ടേഴ്സ് സ്ലിപ്പ് കൊടുക്കാൻ ഫ്ലാറ്റിൽ എത്തിയപ്പോൾ സംശയം തോന്നിയെന്നും പൂങ്കുന്നത്തെ പൊതുപ്രവർത്തകർ വ്യക്തമാക്കി.
തൃശൂരിലെ പരാതികൾ തീർപ്പാക്കിയതാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റാണെന്ന് സിപിഐ നേതാവ് വി എസ് സുനിൽകുമാർ പ്രതികരിച്ചു. ചേലക്കരയിലെ ബിജെപി നേതാവ് കെ ആർ ഷാജിക്കും ഭാര്യയ്ക്കും പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിലായിരുന്നു വോട്ട്. തൃശൂരിലെ ഒരു ഫ്ലാറ്റാണ് മേൽവിലാസമായി അന്ന് കൊടുത്തിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവർക്ക് വരവൂരിലെ നടത്തറയിലാണ് വോട്ട്. തൃശൂരില്‍ വോട്ട് ചെയ്യാനായി വോട്ടേഴ്സ് ഐഡി കാര്‍ഡ് വരെ മാറ്റിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതാണെന്നും സുനിൽകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സുരേഷ്ഗോപിയുടെ വിജയത്തിനായി ബിജെപി ആയിരക്കണക്കിന് വോട്ടുകൾ കൃത്രിമമായി ചേർത്തെന്ന ആരോപണവുമായി യുഡിഎഫും എൽഡിഎഫും കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ഇരുമുന്നണികളും നിരത്തിയിട്ടുണ്ട്. നഗരത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മറ്റ് മണ്ഡലങ്ങളിലെ അടക്കം വോട്ടർമാരെ ചേർത്ത് വിജയം ഒരുക്കിയെന്നാണ് ആരോപണം. മുൻ കളക്ടറും തിരഞ്ഞെടുപ്പ് വരണാധികാരിയുമായ കൃഷ്ണ തേജയ്ക്ക് ലഭിച്ച പരാതി ഉന്നത തലങ്ങളിലേക്ക് കൈമാറിയില്ലെന്ന ആരോപണവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |