
ന്യൂഡൽഹി: പി.എം ശ്രീ പദ്ധതി കേരളത്തിൽ മരവിപ്പിച്ചുവെന്ന് കേന്ദ്രസർക്കാരിനെ വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് വന്നതിനുശേഷം രേഖാമൂലം നിലപാട് അറിയിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് മന്ത്രി ഇക്കാര്യം വാർത്താലേഖകരെ അറിയിച്ചത്.
സംസ്ഥാനത്തിനു കിട്ടേണ്ട കേന്ദ്ര ഫണ്ട് പി.എം ശ്രീ മരവിപ്പിച്ചതിന്റെ പേരിൽ നഷ്ടമാകാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പി.എം ശ്രീയിലെ സംസ്ഥാന നിലപാടിനോട് കേന്ദ്ര മന്ത്രി പ്രതികരിച്ചിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
എസ്.എസ്.കെ കുടിശിക ഫണ്ട് ലഭ്യമാക്കുന്നത് സംബന്ധിച്ചാണ് കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തിയത്. 1066.36 കോടി രൂപയാണ് സംസ്ഥാനത്തിന് കിട്ടാനുള്ളത്. 2023 മുതൽ 2026 വരെയുള്ള ഫണ്ടാണിത്. കുടിശിക ഒറ്റത്തവണയായി അടിയന്തരമായി അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. പി.എം ജൻ മൻ ഹോസ്റ്റലുകൾക്കുള്ള 6.198 കോടി രൂപയും പട്ടികജാതി, പട്ടികവർഗ ഹോസ്റ്റലുകൾ നവീകരിക്കുന്നതിന് 3.57 കോടി രൂപയും അടിയന്തരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു അനുഭാവപൂർണമായ സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചതെന്നും ശിവൻകുട്ടി പറഞ്ഞു.
കോൺക്ലേവിൽ ധർമ്മേന്ദ്ര വരും
2026 ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന കേരള എഡ്യൂക്കേഷൻ കോൺക്ലേവിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ കേന്ദ്ര മന്ത്രിയെ ക്ഷണിച്ചു. ദേശീയതലത്തിൽ വിദ്യാഭ്യാസരംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഈ പരിപാടി സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, വന്ദേഭാരത് ഫ്ളാഗ് ഓഫ് ചടങ്ങിൽ ആർ.എസ്.എസ് ഗണഗീതം പാടിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയതായും ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികളെക്കൊണ്ട് ഗണഗീതം പാടിച്ചതും അതിന്റെ വീഡിയോ ദക്ഷിണ റെയിൽവേയുടെ സമൂഹ മാദ്ധ്യമ പേജിൽ പങ്കുവച്ചതും ഗൗരവതരമാണ്. ഭരണഘടനാപരമായ മതേതര തത്വങ്ങളുടെ ലംഘനമാണിത്. സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തര നടപടിയെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശിവൻകുട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |