
വയനാട്: വീണ്ടും കടുവഭീതിയിലാണ് വയനാട് പുല്‍പ്പള്ളിക്ക് സമീപം ദേവര്‍ഗദ്ധയിലെ നാട്ടുകാര്‍. പ്രദേശത്ത് വീണ്ടും കടുവയെത്തിയതാണ് ഭീതിക്ക് കാരണം. ദേവര്‍ഗദ്ധ കന്നാരംപുഴയിലാണ് ഇത്തവണ കടുവ എത്തിയിരിക്കുന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട വണ്ടിക്കടവില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് വ്യാഴാഴ്ച രാവിലെ കടുവയെ കണ്ടത്.
ദേവര്‍ഗദ്ധ ഉന്നതിയില്‍ മാരന്‍ എന്നയാള്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വണ്ടിക്കടവ് പ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് വീണ്ടും കടുവയെ കണ്ടത്. കടുവയെ പിടികൂടാന്‍ നാലു കൂടുകള്‍ വനം വകുപ്പ് പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ ട്രാപ്പുകളും നിരീക്ഷണവും പ്രദേശത്ത് തുടരുകയാണ്. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കടുവകളെ കര്‍ണാടക വനംവകുപ്പ് വയനാട് അതിര്‍ത്തിയില്‍ ഉപേക്ഷിക്കുന്നതായുള്ള ആരോപണവും ഉയരുന്നുണ്ട്.
വ്യാഴാഴ്ച രാവിലെ കന്നുകാലികളെ കുളിപ്പിക്കാന്‍ കന്നാരം പുഴയിലേക്ക് പോയ പ്രദേശവാസിയാണ് കടുവയെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പരിശോധനയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒന്നിലേറെ കടുവകള്‍ ഉണ്ട് എന്നാണ് വിവരം. ഇതോടെ നാട്ടുകാരുടെ ഭീതി വര്‍ദ്ധിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |