കോഴിക്കോട്: താമരശ്ശേരി അമ്പായത്തോടിൽ അറവു മാലിന്യ സംസ്‌കരണകേന്ദ്രം നാട്ടുകാർ കത്തിച്ചതിനെത്തുടർന്ന് വൻ സംഘർഷം. കോഴിക്കോട് റൂറൽ എസ്.പി കെ.ഇ. ബൈജു
ഉൾപ്പെടെ 21 പൊലീസുകാർക്കും, ലാത്തിച്ചാർജിൽ 28 നാട്ടുകാർക്കും പരിക്കേറ്റു.
അമ്പായത്തോടെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണകേന്ദ്രം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധം മറികടന്നുപോകാൻ ശ്രമിച്ച കമ്പനി വാഹനത്തിനും പൊലീസിനും നേരെ നാട്ടുകാർ നടത്തിയ കല്ലേറിൽ താമരശ്ശേരി സി.ഐ സായൂജ് അടക്കമുള്ളവർക്ക് പരിക്കേറ്റു. പൊലീസ് ടിയർഗ്യാസും ലാത്തിയും ഉപയോഗിച്ച് സമരക്കാരെ നേരിട്ടു. സംഘർഷത്തിന്റെ വിവരമറിഞ്ഞെത്തിയ റൂറൽ എസ്.പി ബൈജുവിനും പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും,പരിക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവരെ താമരശ്ശേരി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.പൊലീസ് നിരവധി തവണ ടിയർഗ്യാസ് പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതിരുന്നപ്പോഴാണ് സ് ലാത്തി വീശിയത്. പ്രകോപിതരായ പ്രതിഷേധക്കാർ തീയിട്ടതിൽ സംസ്കരണശാലയ്ക്ക് വലിയ നാശനഷ്ടമാണുണ്ടായത്.
സമരം തുടങ്ങിയിട്ട്
അഞ്ചു വർഷം
2019 ൽ പ്രവർത്തനമാരംഭിച്ച കോഴി അറവുമാലിന്യ സംസ്‌കരണ ഫാക്ടറിയിൽ നിന്നും ദുർഗന്ധമുണ്ടാകുന്നതിലും, മാലിന്യങ്ങൾ ഒഴുക്കുന്നതിലും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. നാല് സ്കൂളുകൾ കോടതിയെ സമീപിച്ചു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അഞ്ചു മാസം മുമ്പ് ഫാക്ടറി അടച്ചിട്ട് നവീകരണം നടത്തിയിട്ടും ദുർഗന്ധത്തിന് ശമനമായില്ല. നാട്ടുകാർ സമരസമിതി രൂപീകരിച്ച് അനിശ്ചിതകാല രാപകൽ സമരം ഇന്നലെ ആരംഭിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ മാർച്ച് 31ന് കമ്പനിയുടെ പഞ്ചായത്ത് ലൈസൻസും ഏപ്രിൽ 31ന് പൊല്യൂഷൻ സർട്ടിഫിക്കറ്റും അവസാനിച്ചിരുന്നു. ലൈസൻസ് പുതുക്കി നൽകാൻ കട്ടിപ്പാറ പഞ്ചായത്ത് തീരുമാനിച്ചതോടെയാണ് നാട്ടുകാർ പ്രകോപിതരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |