SignIn
Kerala Kaumudi Online
Friday, 26 April 2024 11.58 AM IST

പൊലീസിന് നൽകുന്ന മൊഴി തെളിവ്, പുതിയ നിയമം ഉടൻ  നിരപരാധികളെ കുടുക്കാനുള്ള മാർഗമാകുമെന്ന് മുന്നറിയിപ്പ്

pol

തിരുവനന്തപുരം: സംഘടിത കുറ്റകൃത്യങ്ങൾ തടയാനും മാഫിയകളെ അമർച്ച ചെയ്യാനും പൊലീസിന് കൂടുതൽ അധികാരം നൽകാൻ മഹാരാഷ്ട്ര, ഉത്തർപ്രദേശ് മോഡലിൽ പുതിയ നിയമനിർമ്മാണത്തിന് നടപടി തുടങ്ങി. നിയമത്തിന്റെ കരടുണ്ടാക്കാൻ ചീഫ് സെക്രട്ടറി വി.പി. ജോയി അദ്ധ്യക്ഷനായും ആഭ്യന്തരസെക്രട്ടറി ടി.കെ. ജോസ്, നിയമ സെക്രട്ടറി ഹരിനായർ, മുതിർന്ന അഭിഭാഷകൻ കെ.കെ. രവീന്ദ്രനാഥ് എന്നിവർ അംഗങ്ങളായും സമിതി രൂപീകരിച്ചു. ഇക്കൊല്ലം തന്നെ പ്രാബല്യത്തിലാക്കാനാണ് നീക്കം. അതേസമയം, കള്ളമൊഴി ചേർക്കൽ ഉൾപ്പെടെയുള്ള പൊലീസിന്റെ വിക്രിയകൾക്ക് വഴിയൊരുക്കുമെന്നതിനാൽ നിരപരാധികളെ കുടുക്കാനുള്ള മാർഗമാകുമെന്ന് നിയമ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ ശുപാർശ അംഗീകരിച്ചാണ് നടപടി. കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പൊലീസിന് ശക്തമായ അധികാരങ്ങൾ ലഭിക്കും. അന്വേഷണ ഉദ്യോഗസ്ഥന് പ്രതികളും സാക്ഷികളും നൽകുന്ന മൊഴി കോടതിക്ക് തെളിവായി സ്വീകരിക്കാമെന്നതാണ് പ്രധാനം. കൂട്ടുപ്രതികളെക്കുറിച്ചും സഹായികളെക്കുറിച്ചുമുള്ള മൊഴികളും തെളിവാകും.

നിലവിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ ജാമ്യത്തിനർഹതയുണ്ട്. പുതിയ നിയമത്തിൽ കുറ്റപത്രം 180 ദിവസത്തിനകം മതി. അതുവരെ ജാമ്യമില്ല. തുടർച്ചയായി പ്രതികളാവുന്നവരെ കരുതൽ തടങ്കലിലാക്കാം. ഇപ്പോൾ പൊലീസിന്റെ ശുപാർശയിൽ ജില്ലാ കളക്ടർമാരാണ് കരുതൽ തടങ്കലിന് ഉത്തരവിടേണ്ടത്.

പ്രത്യേക കോടതി

സംഘടിത കുറ്രകൃത്യങ്ങൾക്ക് മൂന്നുവർഷമെങ്കിലും ശിക്ഷ ഉറപ്പാക്കാനും അഞ്ചു മുതൽ 25 ലക്ഷം വരെ പിഴയീടാക്കാനുമുള്ള വ്യവസ്ഥകളുമുണ്ട്. ഇത്തരം കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതികളുണ്ടാവും. പുതിയ നിയമത്തെക്കുറിച്ചുള്ള പരാതികൾ പരിഗണിക്കാൻ ഹൈക്കോടതി റിട്ട. ജഡ്ജി അദ്ധ്യക്ഷനും ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥർ അംഗങ്ങളുമായി ട്രൈബ്യൂണലുണ്ടാവും. ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി എന്നിവരുടെ മേൽനോട്ടത്തിൽ സംഘടിത കുറ്റകൃത്യ നിയന്ത്രണ അതോറിട്ടി രൂപീകരിച്ചാവും നിയമം നടപ്പാക്കുക.

ആശങ്കകൾ

# പൊലീസിന്റെ അമിതാധികാര പ്രയോഗം കൂടും

# മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇടയാവും

# ഈ നിയമം ചുമത്തി ആരെയും ആറുമാസം അകത്തിടാം

# രാഷ്ട്രീയവിദ്വേഷം തീർക്കാനടക്കം ദുരുപയോഗം ചെയ്യും

കടമ്പകൾ

@ നിയമത്തിന്റെ കരട് സർക്കാർ അംഗീകരിച്ച് നിയമസഭയിൽ പാസാക്കണം

@ ഗവർണർ അംഗീകരിച്ച് ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയയ്ക്കണം

@ കേന്ദ്ര ശുപാർശയോടെ ബിൽ രാഷ്ട്രപതി അംഗീകരിച്ചാലേ നിയമമാവൂ

@ നിയമസഭ പാസാക്കിയ മാരിടൈം ബോർഡ്, പ്ലാച്ചിമട നഷ്ടപരിഹാര ബില്ലുകൾ രാഷ്ട്രപതി മടക്കി

@ പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ ഗുജറാത്ത് ഭീകരവിരുദ്ധബിൽ മടക്കി

തെളിവുമൂല്യം

ഇപ്പോൾ കള്ളക്കടത്ത് കേസുകളിൽ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന് നൽകുന്ന മൊഴി കുറ്റസമ്മതത്തിന് തുല്യവും കോടതിയിൽ തെളിവുമൂല്യവുമുള്ളതാകുന്നത്. (കസ്റ്റംസ് നിയമത്തിലെ 108-ാം വകുപ്പ്)

"സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടത്. പൊലീസിന് നൽകുന്ന മൊഴി തെളിവാക്കുന്നത് അപകടകരമാണ്. പൊലീസിന് കൂടുതൽ അധികാരം നൽകി കയറൂരി വിടരുത്."

- ജസ്റ്റിസ് ബി. കെമാൽപാഷ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.