പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരായി ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കാൻ നിയമോപദേശം തേടാനൊരുങ്ങി പൊലീസ്. മൂന്നാം കക്ഷി പരാതി നൽകിയതിനാൽ നിയമോപദേശം ഇല്ലാതെ നടപടി സ്വീകരിക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. സുരേഷ് ബാബുവിനെതിരെ ഉയർന്ന രണ്ട് പരാതികളും പാലക്കാട് എസ് പി നോർത്ത് പൊലീസിന് കൈമാറും.
ആലത്തൂരിലെ കോൺഗ്രസ് നേതാവും പാലക്കാട്ടെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുമാണ് സുരേഷ് ബാബുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. കേസെടുത്താൽ നിലനിൽക്കുമോ? കേസിൽ കാര്യമുണ്ടോയെന്നറിയാനാണ് നിയമോപദേശം തേടുന്നത്. കേസിനാസ്പദമായ വീഡിയോയും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഷാഫി പറമ്പിലിന്റെ മൊഴിയും രേഖപ്പെടുത്തും. ഷാഫി പറമ്പിൽ നേരിട്ട് പരാതി നൽകിയിട്ടില്ലയെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുളളിൽ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ പ്രതിഷേധങ്ങൾ നടത്താനാണ് പാലക്കാട്ടെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനം.
ലൈംഗിക പീഡന ആരോപണങ്ങൾ നേരിട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കുക തന്നെ വേണമെന്ന് ആവശ്യപ്പെടാൻ ഷാഫി പറമ്പിലിനെ വെല്ലുവിളിക്കുകയാണെന്ന് പറഞ്ഞാണ് സുരേഷ് ബാബു അധിക്ഷേപ പരാമർശം നടത്തിയത്. ഈ കാര്യത്തിൽ കൂട്ടുകച്ചവടമാണ് ഷാഫിയും രാഹുലും നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. ആരെയെങ്കിലും നന്നായി കണ്ടാൽ ബംഗളൂരു ട്രിപ്പ് അടിക്കുകയല്ലേ എന്ന് ഹെഡ്മാഷ് ചോദിക്കുമെന്ന് ദ്വയാർത്ഥത്തോടെ സുരേഷ് ബാബു പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |