പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോകുന്നത് ദേവസ്വം ബോർഡിന്റെ ഗൂർഖാ ജീപ്പിൽ. അടിയന്തര സർവീസിന് ശബരിമലയിൽ ഉപയോഗിക്കുന്ന വാഹനമാണിത്.
21ന് വൈകിട്ട് ആറരയ്ക്ക് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി അന്നു രാജ്ഭവനിൽ തങ്ങും. 22ന് രാവിലെ 9.35ന് വിമാനത്താവളത്തിൽനിന്ന് ഹെലികോപ്ടറിൽ പുറപ്പെടുന്ന രാഷ്ട്രപതി 10.20ന് നിലയ്ക്കൽ ഹെലിപാഡിൽ ഇറങ്ങും. കാർമാർഗ്ഗം പമ്പയിലെത്തും. പമ്പാസ്‌നാനത്തിനുശേഷം ഗണപതി ക്ഷേത്രനടയിൽ കെട്ടുനിറച്ച് തൊഴും. 11.10ന് ഗൂർഖാവാഹനത്തിൽ സ്വാമി അയ്യപ്പൻ റോഡുവഴി സന്നിധാനത്തേക്കു പോകും. വാഹനത്തിൽ രാഷ്ട്രപതിക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണുണ്ടാവുക. 12.20ന് ദർശനവും ആരതിയും. സന്നിധാനം ഗസ്റ്റ് ഹൗസിൽ ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം മൂന്നു മണിക്ക് പമ്പയ്ക്കു മടങ്ങും. നിലയ്ക്കൽ നിന്ന് 4.20ന് തിരുവനന്തപുരത്തേക്കു തിരിക്കും.
രാത്രി എട്ടിന് ഹയാത്ത് റീജൻസിയിൽ ഗവർണറുടെ അത്താഴവിരുന്ന്. അന്നും രാജ്ഭവനിലാണ് താമസം. 23ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാവരണം ചെയ്യും. 12.50ന് ശിവഗിരിയിൽ ശ്രീനാരായണഗുരുവിന്റെ മഹാസമാധിയുടെ ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യും. 4.15ന് പാലാ സെന്റ്‌തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും. അന്ന് കുമരകം താജ് റിസോർട്ടിലാണ് താമസം.
24ന് എറണാകുളം സെന്റ് തെരേസസ് കോളേജിലെ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് ബോൾഗാട്ടി പാലസിലേക്കു പോകും. 4.15ന് നെടുമ്പാശ്ശേരിയിൽ നിന്ന് ഡൽഹിക്ക് മടങ്ങും. സുരക്ഷാ ക്രമീകരണങ്ങൾക്ക് 20ന് എസ്.പി.ജി ശബരിമലയിലെത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |