തിരുവനന്തപുരം: കേരള സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാപ്ലാൻ കേരള പൊലീസിൽ നിന്നു ചോർന്ന സാഹചര്യത്തിൽ, സംസ്ഥാന ഇന്റലിജൻസ് മേധാവി തയ്യാറാക്കി നൽകിയ സുരക്ഷയുടെ ബി പ്ലാൻ എസ്.പി.ജിയും ഐ.ബിയും പൊളിച്ചെഴുതിയെന്ന് സൂചന. സുരക്ഷ പൂർണമായും എസ്.പി.ജിയുടെയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെയും നിയന്ത്രണത്തിലാക്കി. കൊച്ചിയിലും തിരുവനന്തപുരത്തും ഒരുക്കുന്ന പഴുതടച്ച സുരക്ഷാ പദ്ധതി, അവസാന നിമിഷം മാത്രമേ കേരള പൊലീസിനു കൈമാറൂ. കൂടുതൽ എസ്.പി.ജി, ഐ.ബി ഉദ്യോഗസ്ഥർ പ്രത്യേക വിമാനങ്ങളിലായി കേരളത്തിലെത്തി. എസ്.പി.ജി തലവനും ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലുണ്ട്.
പൊലീസ് നിര, ജനക്കൂട്ട നിയന്ത്രണം, വാഹന നിയന്ത്രണം തുടങ്ങി കായികാദ്ധ്വാനം വേണ്ടിവരുന്ന ജോലികൾ മാത്രമാണ് പൊലീസിനെ ഏൽപിച്ചിട്ടുള്ളത്. സുരക്ഷാ പ്ലാൻ ചോർന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറി. ഐ.ബിയുടെ കേരളത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന പൊലീസും ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നാണോ സുരക്ഷാ പ്ലാൻ ചോർന്നതെന്ന സംശയം നിലനിൽക്കുകയാണ്. ഇക്കാര്യം അന്വേഷിക്കുമെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും അറിയിച്ചു.
കടലിൽ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും പട്രോളിംഗ് സംഘങ്ങൾ നിരീക്ഷിക്കും. ആകാശ നിരീക്ഷണവും നടത്തും.
വന്ദേഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫിനായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രിയെത്തുന്നതിനാൽ സ്‌റ്റേഷന്റെ പ്രധാന കവാടവും പ്ലാറ്റ് ഫോമുകളും എസ്.പി.ജി വലയത്തിലാണ്. നാലും അഞ്ചും പ്ലാറ്റ്‌ഫോമുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇന്നു വൈകുന്നേരത്തോടെ ഇതും സുരക്ഷാ വലയത്തിലാകും. സെൻട്രൽ സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം.
പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ
കൊച്ചി: കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ശക്തിയും ബി.ജെ.പിയുടെ രാഷ്ട്രീയവളർച്ചയ്ക്ക് ഉൗർജവും പകരാൻ രണ്ടുദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. ക്രൈസ്തവ മത മേലദ്ധ്യക്ഷന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
പ്രത്യേക വിമാനത്തിൽ വൈകിട്ട് അഞ്ചിന് അദ്ദേഹം വെല്ലിംഗ്ടൺ ഐലൻഡിലെ നാവിക വിമാനത്താവളത്തിൽ ഇറങ്ങും. തുടർന്ന് വെണ്ടുരുത്തി പാലംമുതൽ തേവരയിലെ എസ്.എച്ച് കോളേജുവരെ 1.8 കിലോമീറ്റർ തുറന്ന വാഹനത്തിൽ റോഡ്ഷോയിൽ പങ്കെടുക്കും. പ്രമുഖ നേതാക്കൾ അനുഗമിക്കും.
5.30ന് തേവര എസ്.എച്ച് കോളേജ് മൈതാനത്ത് യുവം- 2023 പരിപാടിയിൽ യുവാക്കളുമായി സംവദിക്കും. ഓൺലൈനിൽ രജിസ്റ്റർചെയ്ത ഒന്നരലക്ഷംപേർ പരിപാടിയിൽ പങ്കെടുക്കും. ബി.ജെ.പിയിൽ ചേർന്ന അനിൽ ആന്റണി ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സിനിമാമേഖലകളിലെ പ്രമുഖരും പങ്കെടുക്കും.
ഭാവികേരളത്തിന്റെ വികസന, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വലിയ മാറ്റംവരുത്തുന്ന ഉച്ചകോടിയായി യുവം-2023 മാറുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. യുവം പരിപാടിക്കുശേഷം എട്ട് ക്രൈസ്തവ മേലദ്ധ്യക്ഷന്മാർക്കു പുറമേ മറ്റു ചില പ്രമുഖരുമായും കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
രാത്രി ഐലൻഡിലെ ടാജ് മലബാർ ഹോട്ടലിൽ താമസിക്കുന്ന പ്രധാനമന്ത്രി നാളെ രാവിലെ തിരുവനന്തപുരത്തേക്കു തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |