
കിളിമാനൂർ: പാപ്പാലയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൃതദേഹവുമായി കിളിമാനൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. ജനുവരി 4ന് കിളിമാനൂർ പാപ്പാലയിൽ വച്ച് പുതുക്കോട് രാജേഷ് ഭവനിൽ രഞ്ജിത്ത് (40),ഭാര്യ അംബിക (31) എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഥാർ ജീപ്പ് ഇടിച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ അംബികയുടെ ശരീരത്തിൽ കൂടി ജിപ്പ് കയറിയിറങ്ങുകയും രഞ്ജിത്തിന് സാരമായി പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്നതിന്റെ രണ്ടാം ദിവസം അംബിക മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് മരിച്ചത്.
മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം രഞ്ജിത്തിന്റെ മൃതദേഹവുമായി വന്ന ആംബുലൻസ് സ്റ്റേഷന് മുന്നിൽ നിറുത്തിയശേഷം മൃതദേഹം സ്ട്രച്ചറിൽ പുറത്തിറക്കി പ്രതിഷേധിക്കുകയായിരുന്നു. ആംബുലൻസും റോഡിലിട്ടതോടെ സംസ്ഥാന പാതയിൽ ഒരുമണിക്കൂറോളം ഗതാഗത തടസമുണ്ടായി. പൊലീസും രാഷ്ട്രീയ നേതാക്കളും ഇടപെട്ട് മൃതദേഹം സ്റ്റേഷന് മുന്നിലേക്കും ആംബുലൻസ് റോഡിൽ നിന്നും മാറ്റി.
ഇതിനിടെ ബന്ധുക്കളും രാഷ്ട്രീയക്കാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
തുടർന്ന് ഒ.എസ്.അംബിക എം.എൽ.എ,വർക്കല ഡിവൈ.എസ്.പി ഗോപകുമാർ,റോബർട്ട്, കിളിമാനൂർ സി.ഐ ബി.ജയൻ,വെഞ്ഞാറമൂട് സി.ഐ ആസാദ് അബ്ദുൾ കലാം,പാങ്ങോട് സി.ഐ ജിനേഷ് എന്നിവരും രഞ്ജിത്ത്,അംബിക എന്നിവരുടെ ബന്ധുക്കളും തമ്മിൽ ചർച്ച നടത്തി. പ്രതികൾക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കും,അന്വേഷണസംഘത്തെ നിയമിക്കും, പ്രതികളെ ഉടൻ അറസ്റ്റുചെയ്യും എന്നീ കാര്യങ്ങൾ ഉറപ്പു നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
പ്രതികൾ കാണാമറയത്ത്
അപകടത്തിനുശേഷം നിറുത്താതെ പോയ ജീപ്പ് ഇരട്ടക്കുളത്ത് വച്ച് കേടായിരുന്നു. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. കൂടെ രണ്ടുപേർ ഉണ്ടായിരുന്നെന്നും താൻ മദ്യപിച്ച് വാഹനത്തിന്റെ പിറകിലെ സീറ്റിൽ കിടക്കുകയായിരുന്നെന്നും വാഹനം ഓടിച്ചയാളെ അറിയില്ലെന്നുമാണ് ഇയാൾ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇടിച്ച വാഹനത്തിന്റെ ഉടമയായ അയാളെ അന്നു രാത്രിതന്നെ പൊലീസ് വിട്ടയച്ചിരുന്നു. പിന്നീട് ഇയാൾ മൊബൈൽ ഓഫാക്കി മുങ്ങുകയായിരുന്നുവെന്നാണ് പൊലീസിന്റെ വാദം. കാർ അന്നുതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ജീപ്പിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്റെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെയും ഐ.ഡി കാർഡുകളാണ് ലഭിച്ചത്. ഈ ഉദ്യോഗസ്ഥരാകാം വാഹനത്തിലുണ്ടായിരുന്നതെന്നും അതുകൊണ്ടാണ് പൊലീസ് സംരക്ഷിക്കുന്നതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ ഐ.ഡി കാർഡിന്റെ ഉടമസ്ഥർ സംഭവദിവസം അപകടം നടന്ന ടവർ ലൊക്കേഷനിൽ ഇല്ലായിരുന്നന്ന് പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |