
തിരുവനന്തപുരം: അഭിനേത്രി എന്നതിലുപരി ജീവിതം കൊണ്ട് പലർക്കും പ്രചോദനമായി മാറിയ താരമാണ് മഞ്ജു വാര്യർ. നൃത്തം, യാത്രകൾ, റൈഡിംഗ് തുടങ്ങി ഇഷ്‌ടമുള്ള കാര്യങ്ങൾക്കായി സമയം ചെലവിടുന്നതിന്റെ ചിത്രങ്ങൾ താരം പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറുണ്ട്. അനുജത്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ യാത്രകൾ ആരംഭിച്ചതെന്ന് മഞ്ജുവാര്യരുടെ സഹോദരൻ മധു വാര്യരും ഒരിക്കൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഏത് പ്രായത്തിലും സ്വന്തം സന്തോഷങ്ങൾ കണ്ടെത്താൻ അവനവന് കഴിയുമെന്ന് പഠിപ്പിച്ചത് അമ്മയാണെന്ന് തുറന്ന് പറയുകയാണ് മഞ്ജുവാര്യർ. വനിതാ കമ്മീഷൻ സംഘടിപ്പിച്ച 'പറന്നുയരാം കരുത്തോടെ' എന്ന പരിപാടിയുടെ ഉദ്‌ഘാടന വേദിയിലാണ് മഞ്ജുവാര്യർ അമ്മയെക്കുറിച്ച് സംസാരിച്ചത്.

'അച്ഛന്റെ മരണശേഷം അമ്മയെങ്ങനെ ഒറ്റയ്‌ക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നോർത്ത് പലപ്പോഴും ഞാനും ചേട്ടനും വേവലാതിപ്പെട്ടിട്ടുണ്ട്. എന്നാൽ, ഞങ്ങളെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഞങ്ങൾക്കൊരു ഭാരമാകരുതെന്ന് സ്വയം തീരുമാനിച്ച പോലെയാണ് അമ്മ ഓരോ കാര്യങ്ങൾ ചെയ്‌തത്. പണ്ട് ചെയ്യാൻ ഇഷ്‌ടമുണ്ടായിരുന്ന കാര്യങ്ങളോരോന്നായി അമ്മ ചെയ്യാൻ തുടങ്ങി. നൃത്തവും പാട്ടും പഠിക്കാൻ നല്ല ഇഷ്‌ടമായിരുന്നു. അതിനൊക്കെ വേണ്ടി അമ്മ തന്നെ സ്വയം ഇനിഷ്യേറ്റീവ് എടുത്ത് ക്ലാസുകൾ കണ്ടുപിടിച്ചു. അതിൽ പോയി ചേരുകയും പഠിക്കുകയും ചെയ്‌തു. പണ്ട് കോളേജിൽ പഠിക്കുമ്പോൾ എഴുതുന്ന ആളായിരുന്നു അമ്മയെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ പിന്നീട് ചെറിയ കുറിപ്പുകൾ ഫേസ്‌ബുക്കിൽ എഴുതിയിടുകയും ഒരു പുസ്‌തകം പ്രസിദ്ധീകരിക്കുകയും ചെയ്‌തു.
വേദികൾ ലഭിക്കുമ്പോൾ അതുപയോഗപ്പെടുത്തുക, സുഹൃത്തുക്കൾക്കൊപ്പം യാത്രകൾ പോകുക തുടങ്ങി സന്തോഷം കിട്ടുന്ന കാര്യങ്ങൾ തേടിപിടിച്ച് ചെയ്യുന്ന ശീലമാണ് അമ്മയ്‌ക്കുള്ളത്. ഏത് പ്രായത്തിലും സ്വന്തം സന്തോഷങ്ങൾ കണ്ടെത്താൻ അവനവന് സാധിക്കുമെന്ന് ജീവിതം കൊണ്ട് എനിക്ക് കാണിച്ചു തന്നയാളാണ് എന്റെ അമ്മ'- മഞ്ജു വാര്യർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |