തിരുവനന്തപുരം: ശബരിമലയിൽ എന്ത് ചെയ്താലും തിരിച്ചടിയുണ്ടാകുമെന്ന പേടി തനിക്കും ഭക്തർക്കുമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ദൈനംദിന കാര്യത്തിനും താന്ത്രിക കാര്യത്തിനും തടസം നിൽക്കുന്നു. ആരാണ് തടസമുണ്ടാക്കുന്നതെന്ന് പറയുന്നില്ല. മറ്റ് ക്ഷേത്രങ്ങൾക്ക് ഒന്നും ഇല്ലാത്ത തടസം ശബരിമലയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണപ്പാളി അറ്റകുറ്റപ്പണിയിലെ കോടതി ഇടപെടലിനിടെയാണ് പിഎസ് പ്രശാന്ത് ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്.
'സ്വർണപ്പാളി വിഷയത്തിൽ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ചെയ്തിരിക്കുന്നത്. ദർശനത്തിന് ആളുകൾക്ക് ശബരിമലയിൽ വരാൻ ഭയമാണ്. എന്തെങ്കിലും സമർപ്പിക്കാൻ ഭയമാണ്. ശബരിമല ഒരു പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. മറ്റ് ക്ഷേത്രങ്ങൾക്കൊന്നും ബാധകമാകാത്ത ചില തടസങ്ങൾ ശബരിമലയിലുണ്ട്. എങ്ങനെയാണ് ശബരിമലയിലെ ദൈനംദിന വികസനങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടത് എന്ന കാര്യത്തിൽ എനിക്കും പേടിയുണ്ട്.
എല്ലാ കാര്യത്തിലും ആശങ്കയുണ്ട്. അതിനെ സംബന്ധിച്ച് കൃത്യമായ രൂപരേഖ വേണം. ആ രേഖയില്ലെങ്കിൽ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമായിരിക്കും. ആരാണ് തടസം നിൽക്കുന്നതെന്ന കാര്യം ഞാൻ പറയുന്നില്ല. ഒരു ആരാധനാലയത്തെ സംബന്ധിച്ച് അതൊരു നല്ല കാര്യമല്ല. എല്ലാം മാറ്റി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോടതി ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ഞങ്ങൾ നൽകിയിട്ടുണ്ട്. സ്വർണപാളി വിഷയം ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെ. ഞങ്ങളുടെ കൈകൾ ശുദ്ധമാണ്'- പിഎസ് പ്രശാന്ത് പറഞ്ഞു.
ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് ഇളക്കിയെടുത്ത് അറ്റകുറ്റപ്പണിക്ക് ചെന്നൈയിലേക്കു കൊണ്ടുപോയ സ്വർണപ്പാളികൾ ഉടൻ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ശബരിമല സ്‌പെഷ്യൽ കമ്മിഷണറുടെയും ഹൈക്കോടതിയുടെയും മുൻകൂർ അനുമതിയില്ലാതെയുള്ള ദേവസ്വം ബോർഡിന്റെ നടപടി അനുചിതമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നിർദ്ദേശം.
അറ്റകുറ്റപ്പണി നിറുത്തിവയ്ക്കാൻ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഏജൻസിയോടും സ്‌പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയോടും കോടതി നിർദ്ദേശിച്ചു. അയ്യപ്പവിഗ്രഹത്തിലെ മുദ്രമാല, ജപമാല, യോഗദണ്ഡ് അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നേരത്തേ പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണുണ്ടായത്. നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ, തിരുവാഭരണം കമ്മിഷണർ തുടങ്ങിയവർക്കും നോട്ടീസയച്ചു. സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്ക് അയയ്ക്കാൻ തീരുമാനിച്ചതിന്റെ ഫയലുകളും രേഖകളും ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണി തുടരാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |